മഞ്ചേശ്വരത്ത് താമരവിരിയിക്കാൻ രണ്ടു കൽപ്പിച്ച് കേന്ദ്ര സർക്കാർ: കേന്ദ്ര ആഭന്യന്തര – വിദേശകാര്യ മന്ത്രാലയം ഒന്നിക്കുന്നു: കേന്ദ്ര സർക്കാർ ശേഖരിക്കുന്നത് അയ്യായിരം വോട്ടർമാരുടെ വിവരങ്ങൾ

പൊളിറ്റിക്കൽ ഡെസ്‌ക്

ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടാമത് എംഎൽഎയെ സൃഷ്ടിക്കുന്നതിനായി ബിജെപി സംസ്ഥാന നേതൃത്വത്തിനു പൂർണ പിൻതുണയുമായി കേന്ദ്രസർക്കാർ. മഞ്ചേശ്വരത്തു 89 വോട്ടിനു പരാജയപ്പെട്ട കെ.സുരേന്ദ്രനെ എംഎൽഎ ആക്കുന്നതിനായി ഹൈക്കോടതിയിൽ നിലിവിലിരിക്കുന്ന കേസിൽ കേന്ദ്ര – ആഭ്യന്തര വിദേശമന്ത്രാലയങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ട് ചെയ്ത അയ്യായിരത്തോളം പേരുടെ വിശദവിവരങ്ങൾ കേന്ദ്ര – ആഭ്യന്തര വിദേശകാര്യമന്ത്രാലയങ്ങൾ ചേർന്നു ശേഖരിച്ചിട്ടുണ്ട്. ഇതിൽ എത്രപേർ വിദേശത്തു പോയിട്ടുണ്ട് എന്നത് അടക്കമുള്ള വിശദമായ വിവരങ്ങൾ അടക്കമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്.
ഇതിനായി ബിജെപിയുടെ കേന്ദ്ര ജനറൽ സെക്രട്ടറിമാരിൽ ഒരാളെയും, അഞ്ചു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വിവര ശേഖരണം എത്രയും വേഗം പൂർത്തിയാക്കുന്നതിനും, ഇവ സമയക്രമം അനുസരിച്ചു കോടതിയിൽ എത്തിക്കുന്നതിനുമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
എന്നാൽ, കേന്ദ്രസർക്കാരിന്റെ എത്ര ശക്തമായ ഇടപെടലുണ്ടായാലും ഹൈക്കോടതിയിലെ കേസിൽ കെ.സുരേന്ദ്രൻ വിജയിക്കില്ലെന്നാണ് ലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. കെ.സുരേന്ദ്രൻ എം.എൽഎ ആകുമെന്ന വാദം പൂർണമായും തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നു യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ്. കെ സുരേന്ദ്രൻ എംഎൽഎ ആകണമെന്ന് മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷേ കോടതി വഴി എംഎൽഎ ആയിക്കളയാമെന്ന് കരുതുന്നത് അതിമോഹമല്ലേയെന്നും പികെ ഫിറോസ് ചോദിച്ചു. സുരേന്ദ്രൻ കൊടുത്ത പരാതിയിൽ പറയുന്നത് വോട്ട് ചെയ്ത 197 പേർ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഫിറോസ് പറയുന്നു. സുരേന്ദ്രൻ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനോട് പരിശോധിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിനുള്ളിൽ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകി. നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി അറിയുന്നതിനു മുൻപേ അറിയാൻ മാത്രം സാങ്കേതികവിദ്യ സ്വന്തമായുള്ള ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോളും ആ ലിസ്റ്റ് സമയത്ത് സംഘടിപ്പിക്കാൻ കേന്ദ്രത്തിനായില്ലെന്നും ഫിറോസ് പറയുന്നു.
അവസാനം ലിസ്റ്റ് പരിശോധിച്ച് ഈ മാസം റിപ്പോർട്ട് സമർപ്പിച്ചുവെന്നും പികെ ഫിറോസ് വ്യക്തമാക്കുന്നു. കേവലം 26 പേരുടെ റിപ്പോർട്ട് മാത്രമാണ് സമർപ്പിക്കാനായത്. അതിൽ 6 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും 20 പേർ വിദേശത്തായിരിക്കാമെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.വിദേശത്താണോ എന്ന കാര്യത്തിൽ പോലും സുരേന്ദ്രന് ഉറപ്പില്ല. കോടതി ആ റിപ്പോർട്ട് തള്ളിയെന്നും ഫിറോസ് വ്യക്തമാക്കി. അത് സംബന്ധിച്ച സുരേന്ദ്രന്റെ പരാതി ഡിസ്മിസ് ചെയ്ത കോടതി, സുരേന്ദ്രന്റെ ചെലവിൽ തെളിവുകൾ ഹാജരാക്കാൻ നിർദേശിച്ചു. ഒടുവിൽ സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് 11 പേർക്ക് സമൻസയച്ചു. മൂന്നു പേർ കോടതിയിൽ ഹാജരായി. അവരിൽ രണ്ടു പേർ ജീവിതത്തിലിന്നു വരെ ഗൾഫിൽ പോകാത്തവരാണ്, മറ്റൊരാൾ അന്നു നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. ചുരുക്കത്തിൽ നാളിതുവരെ സുരേന്ദ്രന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പികെ ഫിറോസിന്റെ പോസ്റ്റ് പൂർണരൂപത്തിൽ

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ ഞാനൊരു ചാനൽ സ്റ്റുഡിയോയിൽ ചർച്ചയിലായിരുന്നു. അവസാനം മഞ്ചേശ്വരത്തെ ഫലം കൂടിവരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചാനലിലെ മാധ്യമ പ്രവർത്തകരധികവും ഇടതുപക്ഷ അനുഭാവികളാണെന്നത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കണ്ടപ്പോൾ എനിക്ക് ബോധ്യമായി. അവസാനം 89 വോട്ടിന് മുസ്ലിം ലീഗിലെ പി.ബി അബ്ദുറസാഖ് ജയിച്ചു എന്ന വാർത്ത വന്നപ്പോൾ ആ മാധ്യമ പ്രവർത്തകരെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആ വാർത്തയെ അവർ സ്വീകരിച്ചത്.
അന്ന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. എം.എൽ.എ ആവണം എന്ന് മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷേ കോടതി വഴി എം.എൽ.എ ആയിക്കളയാമെന്ന് കരുതുന്നത് അതിമോഹമല്ലേ?

എന്ത് കൊണ്ട്?

സുരേന്ദ്രൻ കൊടുത്ത പരാതിയിൽ പറയുന്നത് വോട്ട് ചെയ്ത 197 പേർ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. സുരേന്ദ്രൻ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനോട് പരിശോധിക്കാൻ കോടതി നിർദേശിക്കണമെന്നാവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിനുള്ളിൽ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ധേശം നൽകി. എന്നാൽ യഥാ സമയം ലിസ്റ്റ് സമർപ്പിക്കാൻ അവർക്കായില്ല. നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി അറിയുന്നതിനു മുൻപേ അറിയാൻ മാത്രം സാങ്കേതികവിദ്യ സ്വന്തമായുള്ള ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോഴാണ് ഈ ലിസ്റ്റൊന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവർക്ക് കഴിയാതെ പോയത്
അവസാനം ലിസ്റ്റ് പരിശോധിച്ചു ഈ മാസം റിപ്പോർട്ട് സമർപ്പിച്ചു. കേവലം 26 പേരുടെ റിപ്പോർട്ട് മാത്രമാണ് സമർപ്പിക്കാനായത്. അതിൽ 6 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും 20 പേർ വിദേശത്തായിരിക്കാമെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. അതായത് വിദേശത്താണോ എന്ന കാര്യം ഉറപ്പില്ല എന്നർത്ഥം. കോടതി ആ റിപ്പോർട്ട് തള്ളി. അത് സംബന്ധിച്ച സുരേന്ദ്രന്റെ പെറ്റീഷൻ ഡിസ്മിസ് ചെയ്ത കോടതി സുരേന്ദ്രന്റെ ചെലവിൽ തെളിവുകൾ ഹാജരാക്കാൻ നിർദേശിക്കുകയാണുണ്ടായത്.
ഒടുവിൽ സുരേന്ദ്രൻ പറഞ്ഞത് പ്രകാരം 11 പേർക്ക് സമൻസയച്ചു. മൂന്നു പേർ കോടതിയിൽ ഹാജരായി. രണ്ടു പേർ ജീവിതത്തിലിന്നു വരെ ഗൾഫിൽ പോകാത്തവർ. മറ്റൊരാൾ അന്നു നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്ന് പറഞ്ഞാൽ നാളിത് വരെ സുരേന്ദ്രന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല.
വസ്തുതകൾ ഇങ്ങിനെയാണെന്നിരിക്കെയാണ് ലീഗ് എം.എൽ.എ സ്ഥാനം രാജി വെച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു എന്ന വാർത്ത പടച്ചുവിട്ടത്. ഓൺലൈൻ മാധ്യമങ്ങളെ നമുക്ക് മനസ്സിലാക്കാം. പക്ഷേ മാതൃഭൂമി അത്തരമൊരു വാർത്ത ഏറ്റെടുക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. അവർ ഒരുപടി കൂടി മുന്നോട്ട് പോയി. വേങ്ങര ഇലക്ഷന്റെ കൂടെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ പ്ലാൻ എന്ന് കൂടി പറഞ്ഞു കളഞ്ഞു.ആ വാർത്ത തെറ്റായിരുന്നു എന്ന് പറയാനുള്ള മാധ്യമ സത്യസന്ധത മാതൃഭൂമി കാണിക്കണം എന്നാണാവശ്യപ്പെടാനുള്ളത്.
ഇനി കേസിലേക്ക് തന്നെ വരാം. ഞങ്ങൾക്ക് കോടതിയിൽ നല്ല വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ ഈ കേസിന്റെ വിധിയിൽ ഞങ്ങൾക്കൊരാശങ്കയുമില്ല. അവസാനം വിധി വരുമ്പോൾ ഒരു കയ്യടി കൂടി ഉയരും. മതേതര കേരളത്തിന്റെ നിലക്കാത്തകയ്യടി
.

Top