ബിജെപിയില്‍ ചേരിപ്പോര്!!! ശ്രീധരന്‍ പിള്ള നിരാഹാരം കിടക്കണമെന്ന് ഒരു പക്ഷം; കഴിയില്ലെന്ന് അധ്യക്ഷന്‍

തിരുവനന്തപുരം: ശബരിമലയിലെ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിന് ശേഷം ബിജെപിയില്‍ വ്യാപകമായ ആന്തരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ജനശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ വന്‍ പരാജയമായത് ചേരിപ്പോര് രൂക്ഷമാക്കിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുമായി യോജിച്ച് പോകാനാകാത്ത നിലയിലാണ് പല നേതാക്കളും.

ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നു. ഇന്നലെ നടന്ന നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച ആവശ്യമുയര്‍ന്നെങ്കിലും സമരം ഏറ്റെടുക്കാനാവില്ലെന്നാണ് പിള്ളയുടെ നിലപാടെന്നാണ് വിവരം. പാര്‍ട്ടിയെ ഏകോപിപ്പിക്കേണ്ട പ്രസിഡന്റ് നിരാഹാരം കിടന്നാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് പാര്‍ട്ടിയിലെ മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീധരന്‍ പിള്ള തന്നെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം കിടക്കണമെന്ന് പാര്‍ട്ടി വക്താവ് ബി.ഗോപാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ ആവശ്യപ്പെട്ടത്. സമരം നിര്‍ജ്ജീവമായി തുടരുന്നതിനെ ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ ഒരു മണ്ഡലത്തിന് പകരം നാല് മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ നിത്യേന പന്തലിലെത്തിക്കാന്‍ തീരുമാനമായി.

സമരപ്പന്തലിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തിയതിനെതിരായും ഭാരവാഹി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതുമൂലം ബി.ജെ.പി ജനങ്ങളുടെ അതൃപ്തിക്ക് പാത്രമായെന്ന് നേതാക്കള്‍ ആരോപിച്ചു.

അതേ സമയം അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ശരണംവിളിച്ച് ആത്മഹത്യ ചെയ്തിട്ടും അക്കാര്യം വേണ്ട വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി രമേശ് പറഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ സംബന്ധിച്ച പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവുമുയര്‍ന്നു.

Top