കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്പനി സ്ഥിരീകരിച്ചു. കോളനിവാസി ഷിബു എന്ന മുപ്പത്തെട്ടുകാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണലീച്ചകള്‍ പരത്തുന്നതാണ് കരിമ്പനി. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ല. യുവാവ് അപകട നില തരണം ചെയ്തുവെന്നും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരിമ്പനി എന്ന രോഗം വൈസെറല്‍ ലീഷ്മാനിയാസിസ്, ബ്ലാക്ക് ഫീവര്‍, ബ്ലാക്ക് ഫീവര്‍, ഡംഡം ഫീവര്‍, അസം ഫീവര്‍ (Visceral leishmaniasis, Black fever, Dumdum fever, Assam fever) എന്നീ പേരുകളിലും അറിയപ്പെടുന്നു.

നിലവില്‍ 88 രാജ്യങ്ങളില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആകെ ഉള്ളതില്‍ 90 ശതമാനത്തിലധികം രോഗികള്‍ ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍, എത്യോപ്യ, സുഡാന്‍, സൗത്ത് സുഡാന്‍ എന്നീ ആറു രാജ്യങ്ങളിലായിട്ടാണുള്ളത്.ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം 300,000 പേരില്‍ ഈ രോഗബാധ ഉണ്ടാവുന്നു, 30,000 പേര്‍വരെ മരിക്കുന്നു. ലോകമെമ്പാടുമുള്ള 31 കോടിയോളം മനുഷ്യരില്‍ ഈ രോഗം പിടിപെടാന്‍ സാധ്യത നിലനില്‍ക്കുന്നു. ഇന്ത്യയില്‍ ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്.

പ്രോട്ടോസോവ വിഭാഗത്തില്‍പ്പെടുന്ന ലീഷ്മാനിയ ഡോണവോണി എന്ന ഏകകോശ സൂക്ഷ്മജീവിയാണ് കരിമ്പനിക്ക് ഹേതുവാകുന്നത്. 1900ല്‍ ബംഗാളിലെ ഡംഡം മേഖലയില്‍ ജോലി ചെയ്തശേഷം മരിച്ച ഒരു ബ്രിട്ടിഷ് സൈനികന്റെ മൃതശരീരം ഇംഗ്ലണ്ടില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വില്യം ബൂഗ് ലീഷ്മാന്‍ എന്ന ആര്‍മി ഡോക്ടര്‍, അദ്ദേഹം പുതുതായി കണ്ടെത്തിയ സ്റ്റെയിന്‍ ഉപയോഗപ്പെടുത്തി പ്ലീഹ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധന നടത്തുകയും പ്രോട്ടോസോവ ഗണത്തില്‍പ്പെടുന്ന ചില പരാകജീവികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതേസമയത്തുതന്നെ മദ്രാസില്‍ ജോലിചെയ്തിരുന്ന മറ്റൊരു ബ്രിട്ടീഷ് ഡോക്ടറായിരുന്ന ചാള്‍സ് ഡോണോവോന്‍ ഈ പ്രോട്ടോസോവയാണ് കാലാ അസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന രോഗത്തിന് കാരണമെന്നു കണ്ടെത്തി.

ഈ മഹത്തായ കണ്ടുപിടിത്തത്തിന്റെ അവകാശം ആരുടേത് എന്ന തര്‍ക്കത്തിനൊടുവില്‍ പരിഹാരം കണ്ടെത്തിയത് സര്‍ റൊണാള്‍ഡ് റോസ് ആയിരുന്നു. അദ്ദേഹം ഈ പ്രോട്ടോസോവയ്ക്ക് ‘ലീഷ്മാന്‍ ഡോണോവോന്‍ ബോഡീസ്’ എന്ന് പേരു നല്‍കി രണ്ടു പേര്‍ക്കും തുല്യ അംഗീകാരം നല്‍കി.ഡംഡം മേഖലയില്‍ കണ്ടെത്തിയതിനാല്‍ ഡംഡം പനി എന്ന പേരിലും ഈ രോഗം വിളിക്കപ്പെടുകയുണ്ടായി.

പെണ്‍ മണല്‍ ഈച്ചകള്‍ ആണ് ഈ രോഗം മനുഷ്യരിലേക്കു പകര്‍ത്തുന്നതിനു കാരണക്കാര്‍ ആവുന്നത്. കൊതുകിന്റെ നാലിലൊന്ന് വലുപ്പം മാത്രമേ ഇവയ്ക്കുള്ളൂ ഏകദേശം 13 മി.മി മാത്രം. രാത്രിയിലാണ് ഇവ മനുഷ്യനില്‍നിന്ന് രക്തം കുടിക്കുക. രോഗമുള്ള ഒരാളുടെ രക്തം വലിച്ചെടുക്കുമ്പോള്‍ ഇവയുടെ ഉള്ളില്‍ ചെല്ലുന്ന ലീഷ്മാനിയ ഇവയുടെ ഉള്ളില്‍ വളരുകയും മറ്റൊരാളുടെ രക്തം കുടിക്കുന്ന അവസരത്തില്‍ ഇവ അടുത്ത വ്യക്തിയുടെ ഉള്ളില്‍ ചെന്ന് രോഗബാധ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗാണുക്കള്‍ ഉള്ളില്‍ എത്തിയാലും രോഗലക്ഷണങ്ങള്‍ കാണപ്പെടാന്‍ 10 ദിവസംമുതല്‍ ആറുമാസംവരെ എടുക്കാം, ചിലപ്പോള്‍ ഒരുവര്‍ഷംവരെയും. പ്രധാനമായും പ്ലീഹയിലെയും കരളിലെയും കോശങ്ങളെയും, കൂടാതെ കുറഞ്ഞതോതില്‍ ശ്ലേഷസ്തരങ്ങള്‍, ചെറുകുടല്‍, ലസികാ ഗ്രന്ഥികള്‍ എന്നിവയെയും ആണ് ഈ രോഗം ബാധിക്കുന്നത്. ഇതിലൂടെ രോഗപ്രതിരോധ വ്യവസ്ഥയെയും ഈ രോഗം ബാധിക്കുന്നു.

ശരിയായ ചികിത്സ എടുക്കാതിരുന്നാല്‍ മരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ആറുവര്‍ഷത്തിനിടെ ഇന്ത്യയില്‍ കാലാ അസര്‍ പനി ബാധിച്ച് മരിച്ചത് 333 പേരാണ്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഉത്തരേന്ത്യയിലാണ്. 2010ലാണ് കാലാ അസര്‍ ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ മരിച്ചത് (105 പേര്‍). കേരളത്തില്‍ പാലക്കാടാണ് നാളിതുവരെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്.

ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ശരിയായ പാര്‍പ്പിടസൗകര്യങ്ങളുടെ അപര്യാപ്തത (ശുചിത്വമില്ലായ്മ ഈച്ചകളെ ആകര്‍ഷിക്കുന്നു, മണ്ണുവീടുകളുടെ ഭിത്തിയില്‍ മണല്‍ ഈച്ച മുട്ടയിട്ടു പെരുകുന്നു. രാത്രിയില്‍ വീടിനു പുറത്ത് ഉറങ്ങുന്നത് ഈച്ചയുടെ കടിയേല്‍ക്കാന്‍ ഇടയാക്കുന്നു, ഇന്‍സെക്റ്റ് നെറ്റ്‌പോലുള്ള പ്രതിരോധ സംവിധാനം ഇല്ലാത്തതും ഈച്ചയുടെ കടി ഏല്‍ക്കുന്നതിനു കാരണമാവുന്നു).

അപൂര്‍വമായി മറ്റു മാര്‍ഗങ്ങളിലൂടെയും രോഗപ്പകര്‍ച്ച ഉണ്ടാവാം. രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നതിനാല്‍ ശരിയായി അണുവിമുക്തമാക്കാത്ത കുത്തിവയ്പ് സൂചി ഉപയോഗിക്കുന്നതിലൂടെയും, അമ്മയില്‍നിന്ന് കുഞ്ഞിലേക്കും, ലൈംഗികബന്ധത്തിലൂടെയും രോഗമുള്ള ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും പകരാം.

രോഗലക്ഷണങ്ങള്‍

ഇടയ്ക്കിടെ ഉണ്ടാവുന്ന ഉയര്‍ന്ന പനി. തൂക്കക്കുറവും തുടര്‍ന്ന് ധൃതഗതിയിലുള്ള വിളര്‍ച്ചയും. മണല്‍ ഈച്ച കടിച്ച ഭാഗത്ത് ത്വക്കില്‍ വ്രണം രൂപപ്പെടാം. പരിശോധനയില്‍ പ്ലീഹ വീക്കംവന്ന് വളരെയധികം വികാസം പ്രാപിച്ചതായി കാണാം. കരളിനും വികാസം ഉണ്ടാവുന്നതായി കാണപ്പെടാം.ത്വക്ക് വരണ്ടതായി മാറുകയും, വയര്‍, കൈകാലുകള്‍, മുഖം എന്നിവിടങ്ങളില്‍ ത്വക്കില്‍ കറുത്ത നിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. (കാലാ അസര്‍, കരിമ്പനി എന്നീ പേരുകിട്ടാന്‍ കാരണം ഇതാണ്).

രോഗനിര്‍ണയം

K39 dipstick testing

സ്പ്ലീന്‍, ലസികാ ഗ്രന്ഥി, മജ്ജ എന്നിവിടങ്ങളില്‍നിന്ന് എടുക്കുന്ന കോശസാമ്പിളുകളില്‍ പ്രോറ്റൊസോവയുടെ സാന്നിധ്യം കണ്ടെത്തി കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്.

രോഗപ്രതിരോധം

നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതുമൂലം രോഗാതുരത കുറയ്ക്കാന്‍ കഴിയുന്നതോടൊപ്പംതന്നെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് പ്രതിരോധിക്കാനും കഴിയും. രോഗവാഹകയായ മണല്‍ ഈച്ചയുടെ വ്യാപനം നിയന്ത്രിക്കുന്നതിലൂടെ രോഗപ്പകര്‍ച്ചയ്ക്ക് തടയിടാം. കീടനാശിനികള്‍ തളിച്ച് ഈച്ചയെ നശിപ്പിക്കാവുന്നതാണ്. പൈരിത്രോയിഡ് ഗണത്തില്‍പ്പെടുന്ന കീടനാശിനികള്‍ ഫലപ്രദമാണ്. മുന്‍കാലങ്ങളില്‍ ഡിഡിടിയും ഉപയോഗിച്ചിരുന്നു.

ഈച്ചയുടെ കടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. ശരീരം മുഴുവന്‍ ആവരണംചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, രാത്രിയില്‍ പുറത്തുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക, കൊതുകുവലകള്‍ ഉപയോഗിക്കുക, ഇന്‍സെക്റ്റ് റിപ്പെല്ലെന്റ് ലേപനങ്ങള്‍ പുരട്ടുക, മഴക്കാലത്ത് നിലത്തുകിടന്ന് ഉറങ്ങാതിരിക്കുക തുടങ്ങിയവ.

ഈച്ചയുടെ വ്യാപനം തടയാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം ഉണ്ടാവുന്നതും,രോഗനിര്‍ണയ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവ ഏവര്‍ക്കും പ്രാപ്തമാക്കുന്നതും രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതുമാണ്.

കരിമ്പനിക്ക് വാക്‌സിന്‍ പരീക്ഷണഘട്ടത്തിലാണ്. നിലവില്‍ ലഭ്യമല്ല.തെരുവുനായ്ക്കള്‍ രോഗാണുവാഹകരായി വര്‍ത്തിക്കുന്നതിനാല്‍ അവയുടെ എണ്ണം നിയന്ത്രിക്കുന്നതും ഫലംചെയ്യും.

ചികിത്സ

ലീഷ്മാനിയ രോഗാണുവിനെ നശിപ്പിക്കാന്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്. ലൈപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ബി ആണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഒരു മരുന്ന്. ഒരു ഡോസ് ഇന്‍ജക്ഷന്‍ മതിയാവും.പെന്റാവാലെന്റ് ആന്റി മോണീലിയല്‍ മരുന്നുകള്‍. ഉദാ: പെന്റാസ്റ്റാം, 30 ദിവസത്തേക്കുള്ള കുത്തിവയ്പായിട്ട്. Miltefosine എന്ന മരുന്നും വളരെ ഫലപ്രദമാണ്. Paromomycin എന്ന ആന്റിബയോട്ടിക് മരുന്നും ഇന്ത്യയില്‍ പ്രയോഗത്തിലുണ്ട്.

Top