നാ​ഗദേവതയുടെ അനു​ഗ്രഹത്തിനായി നവജാതശിശുവിനെ മൂര്‍ഖനെ കൊണ്ട് കൊത്തിച്ചു

അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചത്തീസ്ഗഡിലെ റായ്പൂരില്‍ മാതാപിതാക്കള്‍ ബലി നല്‍കി. പാമ്പാട്ടിയുടെ വാക്കുകള്‍ വിശ്വസിച്ച് കുട്ടിയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പാമ്പാട്ടി ബില്ലു റാമാണ് നാഗദേവതയുടെ അനുഗ്രഹം ലഭിക്കുന്നതിനായി കുട്ടിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. കുട്ടിയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയാണെങ്കില്‍ നാഗദേവതയുടെ അനുഗ്രഹം ലഭിക്കുമെന്ന് മാതാപിതാക്കളോട് ഇയാള്‍ പറഞ്ഞു.

ഇതുവിശ്വസിച്ച മാതാപിതാക്കള്‍ കുട്ടിയെ പാമ്പാട്ടിക്ക് കൈമാറി. കുട്ടിയെ പാമ്പിന് മുന്നില്‍ കിടത്തുകയും പിന്നീട് ഇയാള്‍ പാമ്പിനെ കുട്ടിയുടെ കഴുത്തില്‍ ചുറ്റുകയുമായിരുന്നു. കുട്ടിയെ മൂര്‍ഖന്‍ കടിച്ചെങ്കിലും പാമ്പിന് വിഷമില്ലെന്ന് മാതാപിതാക്കളോട് പറഞ്ഞ് ചടങ്ങുകള്‍ തുടരുകയായിരുന്നു പാമ്പാട്ടി.

എന്നാല്‍ രണ്ടുമണിക്കൂറിന് ശേഷം കുട്ടി അനങ്ങാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും  മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാരാണ് ബില്ലു റാമിനെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചത്. എന്നാല്‍ താന്‍ പാമ്പിന്‍റെ വിഷം കളഞ്ഞിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്.

Latest