സഹകരണ ബാങ്കുകളില്‍ 16000 കോടിയുടെ കള്ളപ്പണം.ആദായ നികുതി വകുപ്പ് പിടിമുറുക്കി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കിയെന്ന കണ്ടെത്തലുകളെത്തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കി. കേരളത്തില്‍ മാത്രമല്ല മിക്കയിടങ്ങളിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. മൊത്തം 16000 കോടിയുടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്നാണ് സൂചന.
ദല്‍ഹിയിലും മുംബൈയിലും വിവിധ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി.

സഹ. ബാങ്കുകള്‍ക്കു മേല്‍ നിയന്ത്രണമില്ലാത്തതാണ് ഇതിനു കാരണമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ദല്‍ഹി ദരിയാഗഞ്ജ് സഹകരണ ബാങ്കില്‍ 1200 ബിനാമി അക്കൗണ്ടുകള്‍ തുറന്ന് 120 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ 3.2 കോടിയുടെ പഴയ നോട്ട് മാറി പുതിയ നോട്ടും നല്‍കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസഥരും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ചേര്‍ന്നാണ് തട്ടിപ്പിന് സഹായം നല്‍കിയത്.

നോട്ട് അസാധുവാക്കലിനു ശേഷം മുംബൈയിലെ ഒരു ജില്ലാ സഹകരണ ബാങ്കില്‍ 1400 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ നല്‍കിയ കണക്ക്. എന്നാല്‍ 900 കോടി മാത്രമാണ് നിക്ഷേപിച്ചതെന്നും 500 കോടി ലഭിച്ചതായി വെറുതേ കണക്ക് നല്‍കിയ ശേഷം പിന്നീട് കള്ളപ്പണം അതിന്റെ മറവില്‍ മാറ്റി നല്‍കുകയായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.

രാജ്യത്തെ ആയിരക്കണക്കിന് സഹകരണ ബാങ്കുകള്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും സിബിഐയുടേയും നിരീക്ഷണത്തിലാണ്. ആദായ നികുതി വകുപ്പാണ് സംസ്ഥാന സഹകരണ ബാങ്കുകള്‍ പരിശോധിക്കുക. സിബിഐ അര്‍ബന്‍ ബാങ്കുകളും എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ സഹകരണബാങ്കുകളും. നോട്ട് അസാധുവാക്കലിനു ശേഷം സഹകരണ ബാങ്കുകളില്‍ തുടങ്ങിയ മിക്ക അക്കൗണ്ടുകളും ബിനാമികളാണെന്നാണ് സംശയം.

ഇതുവരെ 1156 പരിശോധനകളിലായി 5343 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളിലെ രണ്ടര ലക്ഷത്തിനു മുകളിലുള്ള മുഴുവന്‍ നിക്ഷേപങ്ങളും ആദായ നികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.

Latest
Widgets Magazine