ബ്ലൂവെയിൽ കളിക്കരുത്; അനുഭവം പങ്കുവച്ച് ഗെയിമിൽനിന്ന് രക്ഷപ്പെട്ടയാൾ

മരണക്കളിയായ ബ്ലൂ വെയിൽ കളിക്കരുതെന്ന് ആവർത്തിച്ചും കളി അനുഭവം പങ്കുവച്ചും 22 കാരൻ. ബ്ലൂ വെയിലിലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അലക്‌സാണ്ടർ ആണ് തമാശയ്ക്ക് പോലും ഗെയിം കളിക്കരുതെന്ന് ആവർത്തിക്കുന്നത്.സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് കിട്ടിയ ലിങ്ക് ഉപയോഗിച്ച് തമാശയ്ക്ക് തുടങ്ങിയതാണ് കളി. രണ്ടാഴ്ച മുമ്പാണ് കളിച്ച് തുടങ്ങിയത്. ജോലി ചെയ്യുന്ന താൻ ലീവ് കഴിഞ്ഞിട്ടും ഗെയിം കളി കാരണം തിരിച്ച് ജോലി സ്ഥലത്തേക്ക് പോയില്ല. പുലർച്ചെ രണ്ട് മണിയ്ക്ക് മുമ്പ് ഗെയിമർ തരുന്ന ടാസ്‌കുകൾ പൂർത്തിയാക്കണം. ആദ്യമെല്ലാം വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുന്നത് കുറച്ച് നാൾ കഴിഞ്ഞാൽ മാറും. പിന്നീട് പല ടാസ്‌കുകൾ നൽകും. രാത്രിയിൽ സെമിത്തേരിയിൽ പോയിരിക്കാനും സെൽഫി എടുത്ത് അയക്കാനും ആവശ്യപ്പെട്ടെന്നും അലക്‌സാണ്ടർ പറയുന്നു. ദിവസവും പ്രേത സിനിമകൾ കാണണം. ഭയം ഇല്ലാതാക്കാനാണ് ഇത്തരമൊരു ടാസ്‌ക് തരുന്നത്. ഗെയിം കളിക്കുന്നതുകാരണം ദിവസങ്ങൾ വീട് വിട്ട് പുറത്തുപോകാതെ അടച്ചിരുന്നു. കളിയിൽനിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും അത് എളുപ്പമല്ലെന്നും അലക്‌സാണ്ടർ പറഞ്ഞു. അലക്‌സാണ്ടറുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ കണ്ട് ഭയന്ന് വീട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

Top