പന്ത്രണ്ട് വര്‍ഷമായി എന്റെ തലയ്ക്ക് അകത്തുണ്ട്; അവരോട് ഒരു പ്രത്യേക ഇഷ്ടമാണ്; എനിക്ക് വീണ്ടും കാണണം; ബോളിവുഡ് നടിയോടുള്ള ഇഷ്ടം ഹര്‍ഭജനുമായി പങ്കുവെച്ച് ബ്രാവോ

ക്രിക്കറ്റ് മാത്രമല്ല, സംഗീതവും ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി തകര്‍ത്തടിക്കുന്ന തിരക്കിലാണിപ്പോള്‍ വിന്‍ഡീസ് താരം. ഐപിഎല്ലില്‍ തന്റെ സഹതാരമായ ഹര്‍ഭജന്‍ സിങ്ങിനോട് ദീപിക പദുക്കോണിനെ കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാ താരത്തെ കുറിച്ച് ഹര്‍ഭജന്‍ ബ്രാവോയോട് ചോദിച്ചത്. ദീപിക പദുക്കോണ്‍ എന്ന് പറയാന്‍ 34കാരനായ ബ്രാവോയ്ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. തനിക്ക് ദീപികയോട് ആകര്‍ഷണം തോന്നിയ കാര്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ആദ്യമായി ദീപികയെ കണ്ടത്. അന്ന് തൊട്ട് തനിക്ക് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് ബ്രാവോ പറഞ്ഞു. വീണ്ടും കാണണമെന്ന് തോന്നുന്നതായും അദ്ദേഹം പറഞ്ഞു. ‘എനിക്ക് അവരെ വീണ്ടും കാണണം. പക്ഷെ ഇത്തവണ എനിക്ക് അവരോട് സംസാരിക്കണം. അത് എന്റെ ഒരു സ്വപ്നമാണ്’, ബ്രാവോ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘2006ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ ഇരുന്ന് ടിവി കാണുമ്പോഴാണ് ഒരു സോപ്പിന്റെ പരസ്യം കണ്ടത്. ദീപിക പദുക്കോണാണ് അതെന്ന് പിന്നീടാണ് അറിഞ്ഞത്. 2006 മുതല്‍ അവര്‍ എന്റെ തലയ്ക്ക് അകത്തുണ്ട്’, ബ്രാവോ പറഞ്ഞു. എന്തുകൊണ്ടാണ് പിന്നീട് വെസ്റ്റ് ഇന്‍ഡീസില്‍ ‘മറ്റൊരു ദീപികയെ’ ബ്രാവോയ്ക്ക് കാണാന്‍ കഴിയാതിരുന്നതെന്ന് ഹര്‍ഭജന്‍ തിരിച്ച് ചോദിച്ചു. ‘ദീപികയെ പോലെ ദീപിക മാത്രമേ ഉള്ളൂ’ എന്നായിരുന്നു ബ്രാവോയുടെ മറുപടി. ഐപിഎല്ലില്‍ ബ്രാവോയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് 11 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചെന്നൈ തോല്‍വി വഴങ്ങിയിട്ടുണ്ട്. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 34 റണ്‍സിനു തോല്‍പ്പിച്ച് അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ഡല്‍ഹിയുടെ 163 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സ്പിന്‍ ബോളര്‍മാരുടെ മികവിലാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി പിടിച്ചു കെട്ടിയത്. അമ്പാട്ടി റായിഡു 50 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ധോണിയടക്കമുള്ള വമ്പന്‍താരങ്ങള്‍ പരാജയപ്പെട്ടതാണ് വിനയായത്. രവീന്ദ്ര ജഡേജ (18 പന്തില്‍ 27) മാത്രമാണ് ആശ്വാസപ്രകടനം നടത്തിയത്.

മികച്ച റണ്‍നിരക്ക് ഉണ്ടായിരുന്നിട്ടും അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ധോണിയെ (23പന്തില്‍ 17) ആണ് കണ്ടത്. ഷെയ്ന്‍ വാട്‌സണ്‍ (14), സുരേഷ് റെയ്‌ന (15), ബില്ലിങ്‌സ് (1), ബ്രാവോ (1), ചാഹര്‍ (1) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ സ്‌കോര്‍.

നേരത്തെ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 162 റണ്‍സ് നേടിയത്. 26 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെയും 28 പന്തില്‍ 36 റണ്‍സ് നേടിയ വിജയ് ശങ്കറിന്റെയും 16 പന്തില്‍ 36 റണ്‍സ് നേടിയ ഹര്‍ഷല്‍ പട്ടേലിന്റെയും പ്രകടനങ്ങളാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പൃഥ്വി ഷാ (17), ശ്രേയസ് അയ്യരും (19), എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Top