---------------------------------------------------------------------------------------------------------------------------------

മഞ്ഞക്കിളികളുടെ ചിറകരിഞ്ഞ് മെസിയുടെ പട്ടാളം; ബ്രസീലിനെ വീഴ്ത്തിയത് ഏകപക്ഷീയമായ ഒരു ഗോളിന്

സ്‌പോട്‌സ് ഡെസ്‌ക്

മെൽബൺ: ചിരവൈരികളും ലോക ഫുട്‌ബോളിലെ വമ്പൻ ശക്തികളുമായ അർജന്റീനയും ബ്രസീലും തമ്മിലുള്ള സൂപ്പർ ക്ലാസിക്കോ സൗഹൃദ പോരാട്ടത്തിൽ മെസിക്കും സംഘത്തിനും വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന മഞ്ഞക്കിളികളെ തറപറ്റിച്ചത്. അർജന്റീനയുടെ പരിശീകക്കുപ്പായത്തിൽ ജോർജ് സാംപോളിക്കിത് വിജയത്തുടക്കം. പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഗബ്രിയേൽ മെർക്കാഡോ അർജന്റീനയുടെ രക്ഷനാകുകയായിരുന്നു.

ഫുട്‌ബോളിലെ നിത്യവൈരികളായ ബ്രസീലിനെ മെൽബണിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒരൊറ്റ ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഗബ്രിയേൽ മെർക്കാഡോയാണ് അർജന്റീയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോളിനുള്ള സുവർണാവസരം ബ്രസീൽ പാഴാക്കി.

ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെയാണ റൈറ്റ് ബാക്ക് മെർക്കാഡോയുടെ ഗോൾ വന്നത്. എയ്ഞ്ചൽ ഡി മരിയ നൽകിയ ക്രോസ് ഹിഗ്വെയ്ൻ ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചു വന്നു. ഈ സമയം ബോക്‌സിന് തൊട്ടുമുന്നിലുണ്ടായിരുന്ന സെവിയ്യ താരം അവസരം പാഴാക്കാതെ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. നെയ്മർ ഉൾപ്പെടെ ഒരുപിടി സൂപ്പർ താരങ്ങളെ പുറത്തിരുത്തിയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. അതേസമയം അർജന്റീനയുടെ ആദ്യ ഇലവിൻ മെസി, ഹിഗ്വെയിൻ, ഡി മരിയ എന്നിവർ അണിനിരന്നു.

Latest