ലക്ഷ്യം ഫൈനല്‍: മെസിപ്പട ഇന്നു ക്വാര്‍ട്ടറിനിറങ്ങുന്നു

messi-11സാന്‍റിയാഗോ: 22 വര്‍ഷത്തെ കപ്പില്ലാ കാത്തിരിപ്പിന് കോപ്പയിലൂടെ വിരാമം കുറിക്കുമെന്ന പ്രതീക്ഷയില്‍ അര്‍ജന്‍റീന ഇന്നിറങ്ങും. കഴിഞ്ഞ ലോകകപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി ആരാധകരെ സൃഷ്ടിച്ച കൊളംബിയയാണ് കോപ്പയുടെ മൂന്നാം ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയ്ക്ക് എതിരാളി. കോപ്പ ക്വാര്‍ട്ടര്‍ എന്നതിലുപരി മെസി-റോഡ്രീഗ്രസ് പോരാട്ടമെന്ന് ഈ കളിയെ വിശേഷിക്കാനാണ് കാണികള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ മെസി മറ്റൊരു ലോകത്തില്‍ നിന്നും വന്ന ഫുട്ബോള്‍ ഇതിഹാസമാണെന്ന് റോഡ്രീഗ്രസ് പ്രസ്താവിച്ചിട്ടുണ്ട്.
കളിയില്‍ മെസിക്ക് സമ്മര്‍ദ്ദമേറെയാണ്. ലോകഫുട്ബോളില്‍ തലയുയര്‍ത്തി നില്‍കുന്ന മെസി അര്‍ജന്‍റീനയ്ക്ക് വേണ്ടി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ തികച്ചിട്ടുണ്ടെങ്കിലും ദേശീയ ടീമിന് ഒരു ട്രോഫി സമ്മാനിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്രാവശ്യം കോപ്പ അര്‍ജന്‍റീനയ്ക്ക് നേടിക്കൊടുക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ് മെസിയും കൂട്ടരും ചിലിയില്‍ വിമാനമിറങ്ങിയത്. സഹതാരങ്ങളായ അഗ്യൂറൊയും, ടെവസും ഫോമിലേക്കുയര്‍ന്നാല്‍ കൊളംബിയയെ കെട്ടുകെട്ടിക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായേക്കില്ല.
ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനക്കാരിയി ക്വാര്‍ട്ടറില്‍ ഇടം നേടിയ കൊളംബിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. ഇത് ബ്രസീലിനെതിരേയാണെങ്കിലും ടീം ഫോമിലല്ല.
അതേസമയം ഗ്രൂപ്പ് ബിയില്‍ ചാംപ്യന്‍മാരായി എത്തുന്ന അര്‍ജന്‍റീനയ്ക്ക് തന്നെയാണ് കളിയില്‍ മുന്‍തൂക്കമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ കളിയില്‍ ഇതുവരെ ഒരു അര്‍ജന്‍റീനന്‍ ടച്ച് ടീമിന് എടുക്കാന്‍ സാധിച്ചിട്ടില്ല. ഇതു തന്നെയാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനിയെ അലട്ടുന്നതും.
അതേസമയം കൊളംബിയയെ പരിശീലിപ്പിക്കുന്നത് ജോസ് പെക്കര്‍മാനാണ്. അര്‍ജന്‍റീനയുടെ ശക്തിയും ദൗര്‍ബല്യവും ഒരു പോലെ അറിയാവുന്ന പെക്കര്‍മാന് അര്‍ജന്‍റീനയെ തളക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാകില്ല. ഇന്ന് കാണുന്ന അര്‍ജന്‍റീനയെ ഇത്തരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പെക്കര്‍മാനാണ് ടീമിലെ താരങ്ങളെ കൗമാരത്തില്‍ തന്നെ കണ്ടെത്തി പരിശീലിപ്പിച്ച്് ഈ നിലയിലെത്തിച്ചത്. ഇത് മറ്റാരേക്കാളും മെസിക്കും കൂട്ടര്‍ക്കും അറിയാം.
മെസി, അഗ്യൂറൊ, ടെവസ്, ഡിമരിയ, ഹിഗ്വയ്ന്‍, മഷറാനൊ, റോജൊ തുടങ്ങിയ അര്‍ജന്‍റീനന്‍ നിര താര സമ്പുഷ്ടമാണ്. എന്നാല്‍ കൊളംബിയന്‍ നിരയില്‍ റോഡ്രീഗ്രസും, ഫാല്‍ക്കോവയും കഴിഞ്ഞാല്‍ ടീമിലെ മറ്റുള്ളവര്‍ക്ക് താരത്തിളക്കം കുറവാണ്. പക്ഷെ പോരാട്ട വീര്യത്തില്‍ അര്‍ജന്‍റീനയേക്കാള്‍ ഒരു പടി മുന്നിലാണ് കൊളംബിയ.
Top