മകന്‍റെ ചൊവ്വാദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ബ്രോക്കര്‍ വീട്ടമ്മയുടെ രണ്ടരപ്പവന്‍റെ മാല കവര്‍ന്നു; സംഭവം ചേര്‍ത്തലയില്‍

ചൊവ്വാ ദോഷത്തെ തുടര്‍ന്ന് മകന്റെ വിവാഹം നടക്കാതെ കുഴങ്ങിയ വീട്ടമ്മയെ കബളിപ്പിച്ച് വിവാഹ ബ്രോക്കര്‍ രണ്ടരപ്പവന്‍ മാല അപഹരിച്ചു. ചെന്നിത്തല ചെറുകോല്‍ സുമേഷ് ഭവനില്‍ സുകുമാരന്റെ ഭാര്യയുടെ രണ്ടരപ്പവന്‍ താലിമാലയാണ് ബ്രോക്കര്‍ അപഹരിച്ചത്. മകന്റെ വിവാഹത്തിനു തടസമായിരിക്കുന്ന ചൊവ്വാ ദോഷം മാറി കിട്ടുന്നതിനായി പൂജ നടത്തണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ മാല ഊരി വാങ്ങുകയായിരുന്നു. പിന്നീട് മൂന്നു കിഴികള്‍ തയ്യാറാക്കി അതിലൊന്നില്‍ മാലയിട്ടു. ഒരെണ്ണം വീടിന്റെ മുന്നില്‍ വച്ച ശേഷം ഇത് മറികടന്ന് വേണം വീട്ടിലേക്ക് കയറാനും ഇറങ്ങാനും എന്നു പറഞ്ഞു. ബാക്കി രണ്ടു കിഴികളുമായി സുകുമാരനെയും കൂട്ടി മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി. മിച്ചല്‍ ജങ്ഷനിലെത്തിയപ്പോള്‍ വിഗ്രഹം വാങ്ങാനെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ നിന്നും ഒരു കിഴിയുമായി ഇയാള്‍ ഇറങ്ങി. സ്വര്‍ണമാലയുള്ള കിഴിയാണ് സുകുമാരന്റെ കൈയിലുള്ളതെന്നും ക്ഷേത്രത്തിനു ഒരു വലം വച്ച ശേഷം കെട്ടഴിച്ച് മാല കൈയിലെടുത്ത് കൈകൂപ്പി മകന്റെ ഗ്രഹനിലയിലെ പാപ ദോഷങ്ങളകറ്റി വിവാഹം നടക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ച ശേഷം തിരികെയെത്തുമ്പോഴേക്കും വീട്ടില്‍ വച്ച് പൂജിക്കാനുള്ള വിഗ്രഹങ്ങളുമായി കാത്തുനില്‍ക്കാമെന്ന് പറഞ്ഞു. സുകുമാരന്‍ ക്ഷേത്രത്തിലെത്തി കിഴി അഴിച്ചപ്പോള്‍ മാല ഇല്ലായിരുന്നു. വീട്ടിലെത്തി അവിടെയുള്ള കിഴി അഴിച്ചപ്പോഴും മാല കണ്ടില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലായത്. വിവിധ സ്ഥലങ്ങളില്‍ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 750 രൂപയും ഇയാള്‍ വാങ്ങിയിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭരണിക്കാവ് സ്വദേശിയാണ് ഇയാളെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇയാള്‍ വടക്കന്‍ ജില്ലകളിലേക്ക് കടന്നെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

Top