കോഴവാങ്ങി കുടുങ്ങിയ ബി.എസ്.എഫ് ജവാന് അന്താരാഷ്ട്രബന്ധങ്ങളെന്ന് സിബിഐ; കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വഴിവിട്ട സഹായം

തിരുവനന്തപുരം: കോഴവാങ്ങിയതിന് പിടിയിലായ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ജിബു ഡി. മാത്യുവിന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധം. ജിബുവിനെ പിടികൂടിയ സിബിഐ തന്നെയാണ് ഇയാളുടെ അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചും സൂചന നല്‍കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് ഇയാളുടെ കൂട്ടുപ്രതിയാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

ജിബുവിന്റെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര ഏജന്‍സികള്‍ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പ്രതിയുമായ ബിഷു ഷെയ്ക്കിന് ജിബുവുമായി ബന്ധമുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഇതുമായ ബന്ധപ്പെട്ട വിശദമായ അന്വേഷണം നടത്തേണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും സിബിഐ കോടതിയില്‍ വാദിച്ചു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബിഎസ്എഫ് കമാന്‍ഡന്റ് ആയ ജിബു അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങള്‍ക്ക് വഴിവിട്ട സഹായം നല്‍കിയിരുന്നു. ഇതിന് ലഭിച്ച കോഴയാണ് നേരത്തെ ഇയാളില്‍നിന്ന് പിടിച്ചെടുത്തതെന്നും സിബിഐ നേരത്തെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട സ്വദേശിയായ ജിബു ഡി മാത്യുവിനെ 45 ലക്ഷം രൂപയുമായി ആലപ്പുഴയില്‍നിന്നാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള സിബിഐ സംഘമാണ് ട്രയിനില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

Latest
Widgets Magazine