രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലംമാറ്റി; ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്ക് നിയമനം

കൊച്ചി: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയില്‍ ദര്‍ശനം നടത്താനെത്തിയ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റി. രഹ്നയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രാഥമിക നടപടിയെന്ന തരത്തിലാണ് സ്ഥലം മാറ്റം. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം.

ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായിരുന്നു രഹ്ന ഫാത്തിമ. ഇപ്പോള്‍ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്. ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ രഹ്നയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരും. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹ്നയ്ക്കെതിരായ തുടര്‍നടപടികള്‍. ശബരിമല വിഷയത്തില്‍ വിവാദമായ രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുമുണ്ട്.മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് രഹ്നയ്‌ക്കെതിരെ കേസ്. ശബരിമലയില്‍ പോയതിനെ തുടര്‍ന്ന് ജമാ അത്ത് സമുദായത്തില്‍ നിന്നും രഹ്നയെയും കുടുംബത്തെയും പുറത്താക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top