സര്‍ക്കാര്‍ ജോലി കൈപ്പിടിയില്‍ ഒതുക്കിയിട്ടും അത് ഉപേക്ഷിച്ച് സ്വന്തം സ്വപ്‌നങ്ങള്‍ക്ക്പിറകെ പോയ പെണ്‍കുട്ടി…  

ജമ്മു-കാശ്മീര്‍ :ഇന്നത്തെ കാലഘട്ടത്തില്‍ മിക്കവരും സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനായുള്ള കോച്ചിംഗ് ക്ലാസ്സുകള്‍ ഗ്രാമ നഗര ഭേദമന്യേ എവിടെയും തകൃതിയായി നടക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു പാട് പരിശ്രമങ്ങള്‍ക്ക് ശേഷം കൈപിടിയിലൊതുക്കിയ സര്‍ക്കാര്‍ ജോലിയെ ഉപേക്ഷിച്ച് ചെറുപ്പം തൊട്ട് താന്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‌നങ്ങള്‍ക്ക് പിറകെ പോകാന്‍ എത്ര പേര്‍ക്ക് സാധിക്കും. കാശ്മീരില്‍ നിന്നുള്ള അസ്ഫിയ ബഷീര്‍ ഖാന്‍ എന്ന മിടുക്കിയാണ് ഇത്തരത്തിലുള്ള പ്രവൃത്തിയിലുടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ചെറുപ്പം തൊട്ടെ വീടുകളില്‍ ഉപയോഗിക്കുന്ന കരകൗശല വസ്തുക്കളോടും മനോഹരമായി ഡിസൈന്‍ ചെയ്യുന്ന വീട്ടു ഉപകരണങ്ങളോടും അടക്കാന്‍ വയ്യാത്ത ഒരു ആഭിമുഖ്യം അസ്ഫിയക്കുണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോഴും അസ്ഫിയയുടെ ശ്രദ്ധ ഇത്തരം കാര്യങ്ങളിലായിരിക്കും. ഡല്‍ഹിയിലെ എപിജെയ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മള്‍ട്ടിമീഡിയയില്‍ ബിരുദം നേടിയതിന് ശേഷം 2012 ല്‍ കാശ്മീര്‍ സര്‍വകലാശാലയില്‍ ഗ്രാഫിക് ഡിസൈനറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അഫ്‌സിയയുടെ മനസ്സ് എന്നും തന്റെ സ്വപ്‌നങ്ങള്‍ക്ക് പുറകെയായിരുന്നു.തുടര്‍ന്ന് തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാന്‍ തന്നെ അഫ്‌സിയ തീരുമാനിച്ചു. ജോലി ഉപേക്ഷിച്ച യുവതി ശ്രിനഗറില്‍ ‘ഇബ്‌നു ബത്തൂത്ത’ എന്ന പേരില്‍ കരകൗശല വസ്തുക്കളും അലങ്കാര വീട്ടുപകരണങ്ങളും വില്‍ക്കുന്ന സ്ഥാപനം ആരംഭിച്ചു. മൊറോക്കന്‍ സഞ്ചാരിയായ ഇബ്‌നു ബത്തുത്തയുടെ സ്മരണാര്‍ത്ഥം തന്നെയായിരുന്നു അസ്ഫിയ സ്വന്തം കടയ്ക്ക് ആ പേരിട്ടത്. ലോകത്തിലെ പല കോണില്‍ നിന്നമുള്ള അലങ്കാര വസ്തുക്കള്‍ അഫ്‌സിയയുടെ കടയില്‍ ലഭിക്കും. മികച്ച പ്രതികരണമായിരുന്നു കാശ്മീരി ജനതയില്‍ നിന്നും അഫ്‌സിയക്ക് ഈ മേഖലയില്‍ ലഭിച്ചത്. ഇന്ന് കാശ്മീരിലെ വളര്‍ന്നു വരുന്ന ബിസിനസ്സ് വ്യക്തിത്വങ്ങളില്‍ ഒരാളായാണ് അഫ്‌സിയ കണക്കാക്കപ്പെടുന്നത്. ഇതിന് പിന്നിലെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ അഫ്‌സിയയുടെ ചിരിച്ച് കൊണ്ടുള്ള മറുപടി ഇത്ര മാത്രമെയുള്ളു ‘സ്വപ്‌നങ്ങളില്‍ ജീവിക്കുക, പ്രതിസന്ധികളെ നേരിടാന്‍ തയ്യാറാവുക’

Top