കാനഡയ്ക്ക് തലവേദന സൃഷ്ടിച്ച് അമേരിക്ക വഴി നൈജീരിയക്കാര്‍

കാനഡ: കുടിയേറ്റത്തോട് സൗഹൃദ സമീപനം പുലര്‍ത്തുന്ന കാനഡ പുതിയൊരു ഭീഷണി നേരിടുകയാണ്. അഭയം തേടിയുള്ള അനധികൃത കുടിയേറ്റമാണ്  തലവേദനയായി മാറിയിട്ടുള്ളത്. അത് മറ്റെങ്ങു നിന്നുമല്ല, തൊട്ടടുത്തുള്ള അമേരിക്കയില്‍ നിന്നാണ് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള വ്യവസ്ഥാപിത ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കി കഴിഞ്ഞ വര്‍ഷം കാനഡയില്‍ എത്തിയത് ഇരുപതിനായിരത്തോളം പേരാണ്.

ഇക്കൊല്ലം ആദ്യ നാലുമാസത്തെ കണക്കനുസരിച്ച് നോക്കിയാല്‍ 2018 ല്‍ അത് അറുപതിനായിരമായേക്കും. പരമ്പരാഗത രീതിയിലുള്ള അഭയാര്‍ഥികളൊന്നുമല്ല ഇത്തരത്തില്‍ എത്തുന്നത്. അമേരിക്കയിലേക്കുള്ള യാത്രാ വിസ നേടിയ ശേഷം അനധികൃതമായി കാനഡയിലേക്കു കടക്കുക എന്നതാണ് ഇവരുടെ രീതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് യാഥാസ്ഥിതികര്‍ മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്പിലുണ്ടായ അനുഭവത്തിന്റെ മറ്റൊരു പതിപ്പാണ് കാനഡയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കന്നത്. അമേരിക്കയില്‍ എത്തിയ ശേഷം കാനഡയിലേക്ക് കടക്കാന്‍ മുമ്പ് താല്‍പര്യമെടുത്തിരുന്നത് സൊമാലിയ, ഹെയ്തി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ ഇപ്പോള്‍ അത് നൈജീരിയക്കാരുടെ ഊഴമാണ്.

നൈജീരിയക്കാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നൈജീരിയയിലുള്ള അമേരിക്കന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ നിന്ന് കാനഡയുടെ കിഴക്കന്‍ അറ്റത്തുള്ള ക്യുബെക്ക് പ്രവിശ്യയിലേക്ക് അനധികൃതമായി നടന്നു കയറുന്ന നൈജീരിയക്കാരെ നിയന്ത്രിക്കാനാണ് കാനഡ ശ്രമിക്കുന്നത്.

2017 ല്‍ മാത്രം അമേരിക്കന്‍ അതിര്‍ത്തി കടന്ന് 20,500 അനധികൃത കുടിയേറ്റക്കാര്‍ കാനഡയില്‍ എത്തി എന്നാണ് കണക്ക്. മൊത്തമുള്ള അനധികൃത കുടിയേറ്റക്കാരുടെ 40 ശതമാനം വരുമിത്. ആദ്യമെത്തുന്ന രാജ്യത്ത് അഭയം തേടണമെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായിരിക്കെ, അനധികൃതമായി നൈജീരിയക്കാര്‍ കാനഡയിലേക്ക് പ്രവഹിക്കുന്നതാണ് പ്രശ്‌നമായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളിലായി മാത്രം അമേരിക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി കാനഡയില്‍ എത്തിയ മൊത്തമുള്ള കുടിയേറ്റക്കാരില്‍ പകുതിയോളം (5052) നൈജീരിയക്കരാണ് . അനധികൃതമായ ഇത്തരത്തില്‍ എത്തുന്നവരില്‍ 90 ശതമാനവും അഭയം നല്‍കുന്നതിന് പരിഗണിക്കേണ്ടവരുടെ ഗണത്തില്‍ വരുന്നവരല്ലെന്നും, അവരെ നാടുകടത്തുമെന്നും ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രി മാര്‍ക് ഗര്‍നേവ് പറഞ്ഞു.

കാനഡയില്‍ നിന്നുള്ള മൂന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നൈജീരിയയിലെ ലാഗോസിലുള്ള അമേരിക്കന്‍ എംബസിയില്‍ എത്തി അമേരിക്കന്‍ യാത്ര രേഖകള്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. എന്തു കൊണ്ട് കാനഡയിലേക്ക് പ്രവാഹം ഓരോ വര്‍ഷവും പതിനായിരക്കണക്കിനാളുകള്‍ക്ക് കുടിയേറാന്‍ നിയമപരമായ കാനഡ അനുമതി നല്‍കുന്നുണ്ട്.

വിശാലമായ രാജ്യത്തെ തൊഴിലവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനും, കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും കാനഡ വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്. രാജ്യത്തെ ശക്തമാക്കാനും സമ്പന്നമാക്കാനും മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെ വൈവിധ്യമായ സംസ്‌കാരം രാജ്യത്തിനു ഗുണകരമാകുമെന്നും കാനഡ കരുതുന്നു. കുടിയേറ്റത്തിന് വ്യവസ്ഥാപിതമായ ചില ചട്ടങ്ങള്‍ രാജ്യത്തിനുണ്ടുതാനും.

തുറവിയുടേതായ ഈ സമീപനം നഷ്ടപ്പെടുത്താന്‍ കാനഡ ആഗ്രഹിക്കുന്നില്ല. കാരണം, അങ്ങിനെ ചെയ്താല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് ലിബറല്‍ വിഭാഗം കരുതുന്നു. പക്ഷേ, രാജ്യത്തേക്ക് അനധികൃതമായി കടന്ന് അഭയത്തിനു ശ്രമിക്കുന്നവര്‍ കാനഡ പുലര്‍ത്തുന്ന തുറവിയോടെയുള്ള സമീപനത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. അതിര്‍ത്തിയിലൂടെയുള്ള അധികൃത കടന്നുകയറ്റം തടയുന്ന കാര്യത്തില്‍ ട്രമ്പ് ഭരണകൂടം നിസംഗത പുലര്‍ത്തുകയാണെന്ന് കാനഡ പരാതിപ്പെടുന്നു.

കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി നൈജീരിയയിലേക്ക് അമേരിക്കയില്‍ നിന്ന് അനധികൃതമായി കാനഡയിലേക്ക് കടന്ന് അഭയത്തിനു ശ്രമിക്കുന്ന നൈജീരിയക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വന്‍ വര്‍ധനവിനെ തുടര്ന്ന് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി അഹമ്മദ് ഹുസൈന്‍ ഈ മാസം നൈജീരിയ സന്ദര്‍ശിക്കുന്നതാണ്. നൈജീരിയയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുമായും, നൈജീരിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും അഹമ്മദ് ഈ വിഷയം ചെര്‍ച്ച ചെയ്യും. നൈജീരിയയുമായുള്ള നല്ല ബന്ധം നിലനിറുത്താനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും, വിസ സംവിധാനം ദുരുപപയോഗപ്പെടുത്തി കാനഡയലേക്ക് അനധികൃതമായി കടന്ന് അഭയം തേടാമുള്ള നൈജീരിയക്കാരുടെ ശ്രമം തടയുമാക മാത്രമാണ് ലക്ഷ്യമെന്നും അഹമ്മദ് ഹുസൈന്‍ പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തിയിട്ടുണ്ടെന്നും, നൈജീരിയക്കാര്‍ വിസ നല്‍കുന്നതില്‍ അമേരിക്ക കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

അഭയം തേടിയുള്ളവരുടെ അനധികൃത പ്രവാഹം തടയുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് ആക്ഷേപത്തിനു മറുപടി നല്‍കാന്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ നൈജീരിയന്‍ യാത്ര സഹായകമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. രാജ്യത്തേക്ക് അനധികൃതമായി കടക്കുന്നതു കൊണ്ട് കാനഡയില്‍ അഭയം ലഭിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് അനധികൃതമായി എത്തുന്ന 90 ശതമാനത്തിനും അഭയത്തിനു വേണ്ട യോഗ്യതയുള്ളവരല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

അനധികൃത പ്രവാഹം ഇരട്ടിയോളമായി
2017 നെ അപേക്ഷിച്ച് ഇക്കൊല്ലം കാനഡയിലേക്ക് അമേരിക്കന്‍ അതിര്‍ത്തി കടന്നുള്ള അനധികൃത പ്രവാഹം ഇരട്ടിയോളമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലുമായി താരതമ്യപ്പെടുത്തിയാല്‍ ഇക്കുറി മൂന്നരിട്ടിയോളമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം വേനല്‍ക്കാലത്ത് പ്രതിദിനം 450 പേരെങ്കിലും അതിര്‍ത്തി കടന്ന് അനധികൃതമായി എത്തുമെന്നാണ് ക്യുബൈക് പ്രവിശ്യാ സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ ഇരുനൂറോളമായിരുന്നു. മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്ന് ട്രമ്പ് നിര്‍ദേശിച്ചതു പോലെ അമേരിക്കയുമായുള്ള അതിര്‍ത്തി ഭദ്രമാക്കണമെന്നും കാനഡയിലേക്കുള്ള എന്‍ട്രി പോയിന്റ് ഒരു സ്ഥലത്തു മാത്രമായി നിജപ്പെടുത്തണമെന്നും യാഥാസ്ഥിതികര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പക്ഷേ, ഈ നിര്‍ദേശത്തെ ലിബറുലുകള്‍ എതിര്‍ക്കുന്നു. എന്‍ട്രി ഒരു സ്ഥലത്തു മാത്രമാകുമ്പോള്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കണ്ട് കുടിയേറ്റക്കാര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് കൂടുതല്‍ നുഴഞ്ഞുകയറ്റ സ്ഥലങ്ങള്‍ കണ്ടെത്താന്‍ തയാറായേക്കുമെന്നാണ് അവരുടെ വാദം. അതിര്‍ത്തിയില്‍ വച്ചു തന്നെ തിരിച്ചയക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് കുടിയേറ്റക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യത്തിനകത്തു പ്രവേശിച്ച ശേഷം അഭയം തേടാനുള്ള അവരുടെ ശ്രമം സഫലമാകാന്‍ സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള നൈജീരിയക്കാരില്‍ 45 ശതമാനത്തിനും അഭയം ലഭിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.

2017 ല്‍ അഭയത്തിനായി കാനഡയില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം 1989 ല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി ബോര്‍ഡ് രാജ്യത്തു സ്ഥാപിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അഭയം തേടി ഏറ്റവുമധികം അപേക്ഷ ലഭിച്ചത് ഹെയ്തിയില്‍ നിന്നാണ് – 8286. രണ്ടാം സ്ഥാനം നൈജീരിയക്കാണ് – 5575. കാനഡയില്‍ റസിഡന്‍സി പെര്‍മിറ്റ് കിട്ടുക എളുപ്പമാണെന്ന പ്രചാരണം ശരിയല്ലെന്നു ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹെയ്തിയന്‍ സമൂഹത്തില്‍ കാനഡ സര്‍ക്കാര്‍ പ്രചാരണം നടത്തി വരികയാണ്. അഭയാര്‍ഥി പ്രവാഹം നിയന്ത്രിച്ചില്ലെങ്കില്‍ കാനഡയുടെ സമ്പദ്ഘടനയെ ബാധിക്കുന്ന വിഷയമായി അത് മാറുമെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു.

കാനഡയില്‍ അഭയം തേടുന്ന ഒരാളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ രണ്ടര വര്‍ഷത്തോളം സമയമെടുക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാതെ അവരുടെ അപേക്ഷയില്‍ തീര്‍പ്പു കല്‍പിക്കുന്നതു വരെ അവരെ രാജ്യത്തു തന്നെ പാര്‍പ്പിക്കേണ്ടി വരുന്നത് ക്യൂബെക് പ്രവിശ്യാ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. യാഥാസ്ഥിതികര്‍ സര്‍ക്കാരിനു മുന്നറയിപ്പ് നല്‍കുമ്പോള്‍ പ്രധാനമായും ചൂണ്ടിക്കാട്ടന്നത് ഈ വിഷയമാണ്. വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയുള്ള കുടിയേറ്റം അവര്‍ അംഗീകരിക്കുന്നു. പക്ഷേ, അനധികൃത കുടിയേറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്.

അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ മനോഭവാക്കാര്‍ അധികാരത്തില്‍ വന്നത് കാനഡയ്ക്ക് മുന്നറിയപ്പു നല്‍കുന്ന ഘടകമാണ്. അനധികൃ കുടിയേറ്റം തടയുന്ന കാര്യത്തില്‍ ശക്തമായ സമീപനം സ്വീകരിക്കുവെന്ന് ലിബറല്‍ സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അതിന്റ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കും.

Top