കേസ് ജനരക്ഷായാത്രയില്‍ പി.ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു ;വി.മുരളീധരനെതിരെ കേസെടുത്തു

കണ്ണൂര്‍: ബിജെപി നേതാവ് വി.മുരളീധരനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സേക്രട്ടറിക്ക് നേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. യാത്രയുടെ നാലാം ദിനം കണ്ണൂര്‍ ജില്ലയിലെ പാനൂരിലൂടെ കടന്നു പോകുമ്പോഴാണ് ജയരാജനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്.

ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും വെട്ടും ഞങ്ങള്‍ എന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. വി. മുരളീധരനും പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കും എതിരെയാണ് പൊലീസ് കേസ്. രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള ശ്രമം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.മുദ്രാവാക്യം വിളിക്കുന്നത് മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ചൂണ്ടിക്കാട്ടി തലശ്ശേരി സ്വദേശി റാഷിദാണ് തലശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

അക്രമത്തിനെതിരെ ജാഥ നടത്തുന്ന ബിജെപിയുടെ നേതാക്കൾ തന്നെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് സ്വമേധ‌യാ കേസെടുക്കണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടിരുന്നു. വാടകയ്ക്ക് ആളെയെടുത്താണു ബിജെപി ജാഥ നടത്തിയത്. അതിന്റെ ഫലമായാണു ജാഥയിൽ ഒരു കൂട്ടർ സിപിഐഎമ്മിനു ജയ് വിളിച്ചത്. ജാഥ കാണാൻ റോഡിന്റെ ഇരുവശത്തും അണിനിരന്നതു മറ്റു ജില്ലകളിൽ നിന്നു കൊണ്ടുവന്ന ബിജെപി പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest
Widgets Magazine