വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ടീച്ചറുടെ ജാതീയ അധിക്ഷേപം, ചൂരലുകൊണ്ട് മര്‍ദ്ദനം; വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍

ജാതി സര്‍ട്ടിറിക്കറ്റ് കൃത്യ സമയത്ത് ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ജാതീയ അധിക്ഷേപവും പീഡനവും. ഇടുക്കി ജില്ലയിലെ മറയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്കാണ് അധ്യാപികയില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് പതിനഞ്ച് വയസ്സുകാരിയെ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കൈവെള്ളയില്‍ ചൂരല്‍ കൊണ്ട് അടിക്കുകയും ചെയ്തത്.

അടികൊണ്ട് വിദ്യാര്‍ത്ഥിനിയുടെ കൈവെള്ളയില്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ കൊടുക്കുന്നതിന് വേണ്ടി മൂന്ന് കുട്ടികളോട് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അധ്യാപിക ആവശ്യപ്പട്ടിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഇത് ഹാജരാക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഇക്കാര്യം ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാണ് തല്ലിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

atrocity

കേരളത്തിലെ ഏകഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മറയൂരിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കാനെത്തുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ് മിക്കവരും. ആകെ വിദ്യാര്‍ത്ഥികളില്‍ അമ്പത് ശതമാനത്തോളം മുതുവാന്‍, പുലയ വിഭാഗത്തില്‍പെട്ടവരാണ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ അടിച്ച സംഭവം സ്റ്റാഫ് മീറ്റിംഗില്‍ അധ്യാപിക സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല എന്നാണ് അധ്യാപികയുടെ വിശദീകരണം. സംഭവം നടന്ന ദിവസം സ്‌കൂള്‍ വിടേണ്ട സമയത്തും ഇവരെ ഹോസ്റ്റലില്‍ വിട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് ഹോസ്റ്റല്‍ വാര്‍ഡനാണ് സ്‌കൂളില്‍ ചെന്ന് ഇവരെ കൂട്ടിക്കൊണ്ട് പോയത്.

ഈ വിദ്യാലയത്തില്‍ നിന്നും മുമ്പും ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി പോയിട്ടുണ്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികളാണ് പകുതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത്. അധ്യാപകരുടെ പീഡനം നിമിത്തമാണ് കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിക്കുന്നതെന്നാണ് വിവരം. പഠനം നിര്‍ത്തിപ്പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെയും ട്രൈബല്‍ പ്രമോട്ടര്‍മാരെയും അറിയിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇവര്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതെന്ന് വ്യക്തമായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ആരും മുതിരാറില്ല.

Top