തട്ടുകടകളില്‍ നിന്നും ഇറച്ചി കഴിക്കുമ്പോള്‍ സൂക്ഷിക്കുക; ചെന്നൈയില്‍ വ്യപകമായി പൂച്ചകളെ കാണാതാകുന്നു

ചെന്നൈ: ചെന്നൈ നഗരത്തില്‍ പൂച്ച ഇറച്ചി മറ്റ് ഇറച്ചിക്കൊപ്പം വിളമ്പുന്നു. ചെന്നൈ നഗരത്തിലെ വീടുകളില്‍ നിന്നും സ്ഥിരമായി പൂച്ചകളെ കാണാതാകുന്നുവെന്ന പരാതിയുമായി പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ) എന്ന സംഘടനയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

വ്യാപകമായി പൂച്ചകളെ ചിലയാളുകള്‍ തട്ടിക്കൊണ്ട് പോകുന്നതായി പൊലീസ് കണ്ടെത്തി. നാടോടി വിഭാഗത്തില്‍ പെട്ടയാളുകളാണ് പൂച്ചകളെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍. എന്തിനാണ് ഇവര്‍ക്ക് ഇത്രയും പൂച്ചയെന്ന് അന്വേഷിച്ചപ്പോള്‍ പൊലീസുകാര്‍ വീണ്ടും ഞെട്ടി.

നഗരത്തിലെ റോഡരികുകളില്‍ കാണപ്പെടുന്ന തട്ടുകടകളിലും മറ്റും വിളമ്പുന്ന വിലകുറഞ്ഞ ബിരിയാണിയ്ക്ക് വേണ്ടിയാണ് പൂച്ചകളെ പിടിക്കുന്നത്. ആട്ടിറച്ചിക്കൊപ്പം കുറച്ച് പൂച്ചയുടെ ഇറച്ചി കൂടി ചേര്‍ത്താല്‍ ആര്‍ക്കും കണ്ടുപിടിക്കാനുമാകില്ല. നാടോടി വിഭാഗത്തിന്റെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാല്‍പത് പൂച്ചകളെയും പൊലീസ് പിടികൂടിയിരുന്നു. രണ്ട് പതിറ്റാണ്ടുകളായ ഇക്കൂട്ടരാണ് ചെന്നൈയില്‍ മട്ടണ്‍ വിതരണം ചെയ്തിരുന്നത്.

കയറില്‍ കുരുക്കിയും വലയിലാക്കിയും പിടികൂടുന്ന പൂച്ചകളെ വെള്ളത്തിലിട്ട് ചൂടാക്കിയാണ് കൊല്ലുന്നത്. തുടര്‍ന്ന് തൊലിയുരിഞ്ഞ് ഇറച്ചിയാക്കി റോഡരികിലെ കടകളില്‍ വില്‍ക്കും. മദ്യഷോപ്പുകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ കടകളില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ആരും പരാതി നല്‍കില്ലെന്നത് സംഘത്തിന് തുണയായി.

പൂച്ചകളെ കൊല്ലുന്നത് നിറുത്താന്‍ നാടോടി വിഭാഗത്തില്‍ പെട്ട ആളുകളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് പി.എഫ്.എ അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ചെന്നൈ കോര്‍പ്പറേഷനും ഇടപെടണമെന്ന് പി.എഫ്.എ ആവശ്യപ്പെട്ടു.

Latest
Widgets Magazine