ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.. നുറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു…

തൃശൂര്‍: സംസ്ഥാനത്ത് ശമനമില്ലാത്ത മഴ തുടരുന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ്  ക്രമാതീതമായി  കൂടിയതോടെ  നഗരം  വെള്ളത്തിലായി.ചാലക്കുടി ചന്ത പൂര്‍ണമായും മുങ്ങി.നൂറുകണക്കിന് വീടുകള്‍ മുങ്ങി.ആയിരക്കണക്കിനാളുകള്‍  രക്ഷാപ്രവര്‍ത്തകര്‍ക്കായി  കാത്തിരിക്കുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാം കവിഞ്ഞൊഴുകുകയാണ്. നീരൊഴുക്ക് കൂടിയതോടെ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും വെള്ളം പരന്നൊഴുകുകയാണ്.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണെങ്കിലും കൂടുതലളവില്‍ വെള്ളം എത്തിയതോടെയാണ് കവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. മുരിങ്ങൂര്‍,കറുകുറ്റി,സാമ്പാളൂര്‍, വൈന്തല, പരിയാരം,വെറ്റിലപ്പാറ, ചേനത്തുനാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായിട്ടില്ല. നാവിക  സേനയുടെ  ഹെലികോപ്റ്ററുകള്‍  ഉണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ല എന്ന പരാതി വ്യാപകമാണ്.

വഞ്ചി ഉപയോഗിച്ചും മറ്റുമാണ് ആളുകള്‍ ക്യാമ്പുകളില്‍ എത്തുന്നത്.നഗരത്തില്‍ വൈദ്യുതി  ബന്ധം പൂര്‍ണമായി വിച്ഛേദിച്ചു.കടകള്‍  തുറന്നിട്ടില്ല. മിക്ക വ്യാപാര സ്ഥാപനങ്ങളിലുംവെള്ളം  കയറി.
കെഎസ്ആര്‍ടിസി ബസ്  സ്റ്റാന്‍ഡിലും  പ്രൈവറ്റ്  സ്റ്റാന്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല.ചാലക്കുടി  പാലത്തിലൂടെയുള്ള  ഗതാഗതത്തിനു  നിയന്ത്രണമുണ്ട്.. പാലത്തില്‍  കാഴ്ചക്കാരായി  എത്തിയവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു. ജല നിരപ്പ് കൂടാനുള്ള സാധ്യത കണക്കിലെടുത്തു അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ചാലക്കുടി ടൗണും വെള്ളത്തില്‍ മുങ്ങി. അപൂര്‍വ്വമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പുതുക്കാട് വരെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ചാലക്കുടി ഭാഗത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രദേശത്തുനിന്ന് ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലാത്തവര്‍ ഉടന്‍ ഇവിടെ വിട്ട് പോകണനമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Latest