ദിലീപിനെതിരെ ഗൂഡാലോചനക്കുറ്റം; നടി ആക്രമണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ആകെ പന്ത്രണ്ട് പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. ഗൂഢാലോചനക്കുറ്റത്തിനാണ് നടന്‍ ദിലീപിനെതിരെ കുറ്റപത്രം നല്‍കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അനീഷ്, വിപിന്‍ലാല്‍ എന്നിവരെയാണ് മാപ്പുസാക്ഷിയാക്കുന്നത്. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍നിന്നാണ്. സുനിക്കുവേണ്ടി ജയിലില്‍നിന്ന് കത്തെഴുതിയത് വിപിന്‍ലാലാണ്.

മഞ്ജുവാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. കേസിലാകെ 12 പ്രതികളുണ്ട്. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. അതേ സമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതിന് മറ്റൊരു കേസും പൊലീസ് എടുത്തേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍പോകാന്‍ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികള്‍ക്കുമേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ല്‍ ഏറെ രേഖകള്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളും ഇതില്‍ ഉള്‍പ്പെടും.

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.

അതിനിടെ, ദിലീപിനു വിദേശത്തു പോകാന്‍ നാലു ദിവസം ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവനുവദിച്ചു. ദുബായില്‍ ‘ദേ പുട്ട്’ റസ്റ്ററന്റ് ശാഖയുടെ ഉദ്ഘാടനത്തിനു പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണു നടപടി. വിദേശ യാത്രയ്ക്കായി ആറു ദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസിലെ പ്രധാന സാക്ഷികളുടെ നിലപാടുമാറ്റം മുന്‍നിര്‍ത്തി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനാണു നീക്കം. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍, ദിലീപ് സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി പരാമര്‍ശിച്ചു. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലും തമ്മില്‍ക്കണ്ടു ചര്‍ച്ച നടത്തിയിരുന്നു.

Top