കവി ചെമ്മനം ചാക്കോ അന്തരിച്ചു..

കൊച്ചി: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി അവാർഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചൻ നമ്പ്യായര്‍ പുരസ്‍കാരം, സഞ്ജയൻ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കോട്ടയത്ത് വൈക്കത്ത് മുളക്കളം ഗ്രാമത്തില്‍ 1926ലാണ് ചെമ്മനം ചാക്കോയുടെ ജനനം. 194ല്‍ വിളംബരം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്. ആക്ഷേപ ഹാസത്തിനിൽ ചാലിച്ച കവിതകളായിരുന്നു ചെമ്മനത്തിന്റെ എഴുത്തു രീതി. രാഷ്‍ട്രീയ, സാംസ്‌കാരിക വിമർശനം ആയിരുന്നു ചെമ്മനം കവിതകളുടെ മുഖമുദ്ര. കേരള സര്‍വകലാശാല മലയാളം വകുപ്പില്‍ അധ്യാപകനായും സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിൽ ചെമ്മനം കുടുംബത്തിൽ യോഹന്നാൻ കത്തനാർ – സാറാ ദമ്പതികളുടെ മകനായി 1926 മാർച്ച് ഏഴിനാണ് ജനനം. അവർമാ പ്രൈമറി സ്ക്കൂൾ, പാമ്പാക്കുട ഗവ. മിഡിൽ സ്ക്കൂൾ, പിറവം ഗവ: മിഡിൽ സ്ക്കൂൾ, പിറവം സെന്റ്. ജോസഫ്സ് ഹൈസ്കൂൾ, ആലുവാ യുസി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1953–ൽ മലയാളം ബിഎ ഓണേഴ്സ് പരീക്ഷയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഒന്നാം ക്ലാസോടെ ജയിച്ചു. 1945–ൽ പ്രൈവറ്റായി ചേർന്ന് സാഹിത്യവിശാരദ് പരീക്ഷയും സ്റ്റേറ്റ് റാങ്കോടെ ജയിച്ചു. പിറവം സെന്റ്. ജോസഫ്സ് ഹൈസ്ക്കൂൾ, പാളയം കോട്ട സെന്റ് ജോൺസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള യൂണിവേഴ്സിറ്റി മലയാളം ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 1968 മുതൽ 86 വരെ കേരള സർവകലാശാലയിൽ പുസ്തകപ്രസിദ്ധീകരണ വകുപ്പ് ഡയറക്ടറായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധുനിക മലയാള ഹാസ്യകവിതാമേഖലയെ പുഷ്ടിപ്പെടുത്തിയ കവി എന്ന നിലയിലാണ് ചെമ്മനം ഓർക്കപ്പെടുക. കേരളീയ സമൂഹത്തെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിച്ചു. 2006 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. കുഞ്ചൻ നമ്പ്യാർ കവിതാപുരസ്കാരം (2012) മഹാകവി ഉള്ളൂർ കവിതാ അവാർഡ് (2003) സഞ്ജയൻ അവാർഡ് (2004) പി. സ്മാരക പുരസ്കാരം (2004) പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ് (2004) മൂലൂർ അവാർഡ് (1993) കുട്ടമത്ത് അവാർഡ് (1992) സഹോദരൻ അയ്യപ്പൻ അവാർഡ് (1993) എ.ഡി. ഹരിശർമ്മ അവാർഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി. 1977 ൽ രാജപാതയ്ക്ക് കേരള സാഹിത്യ അക്കാദമിയിൽനിന്നും കവിതാ അവാർഡ് ലഭിച്ചു. 1995 ൽ കിഞ്ചനവർത്തമാനത്തിന് ഹാസ്യസാഹിത്യ അവാർഡും.

നാൽപ്പതുകളുടെ തുടക്കത്തിൽ സാഹിത്യപ്രവർത്തനം ആരംഭിച്ചു. 1946–ൽ ചക്രവാളം മാസികയിൽ ‘പ്രവചനം’ എന്ന കവിതയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1947–ൽ പ്രസിദ്ധീകരിച്ച ‘വിളംബരം’ എന്ന കവിതാസമാഹാരമാണ് പ്രഥമഗ്രന്ഥം. 1965–ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെ വിമർശഹാസ്യ കവിതയാണ് തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞ ചെമ്മനം തുടർന്നുള്ള നാലു വ്യാഴവട്ടക്കാലത്തെ സുസ്ഥിരമായ കാവ്യതപസ്സുകൊണ്ട് മലയാള കവിതയിൽ സ്വന്തം ഹാസ്യ സാഹിത്യ സാമ്രാജ്യം പടുത്തുയർത്തി.

ഹാസ്യകവിതാ കുലപതിയായ കുഞ്ചൻനമ്പ്യാർ കഴിഞ്ഞാൽ, മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളീയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും ദൃശ്യമായില്ല. വിവിധ വിഭാഗങ്ങളിലായി അൻപതോളം ഗ്രന്ഥങ്ങൾ രചിച്ചു.

വിളംബരം, കനകാക്ഷരങ്ങൾ, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകൾ, ചിന്തേര്, നർമ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാൾപട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരൽ, അക്ഷരപ്പോരാട്ടം, തലേലെഴുത്ത്, കനൽക്കട്ടകൾ തുടങ്ങിയവയാണ് കവിതാ ഗ്രന്ഥങ്ങൾ. ചക്കരമാമ്പഴം, നെറ്റിപ്പട്ടം എന്നീ ബാലസാഹിത്യ കവിതകളും അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യൻ കഴുത, വർഗ്ഗീസ് ആന എന്നിവ ബാലസാഹിത്യ കഥകളായി ശ്രദ്ധ നേടി. കിഞ്ചനവർത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, ചിരിമലയാളം, ചിരിവിരുന്ന് തുടങ്ങിയ ഹാസ്യസാഹിത്യ ഗ്രന്ഥങ്ങളും നിരവധി ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചു.

കേരളസാഹിത്യ അക്കാദമി, ഓഥേഴ്സ് ഗിൽഡ് ഓഫ് ഇന്‍ഡ്യ, സമസ്ത കേരള സാഹിത്യപരിഷത്ത്, മലയാളം ഫിലിം സെൻസർബോർഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു. കോലഞ്ചേരി എളൂർ കുടുംബാംഗം ബേബിയാണ് ഭാര്യ. മക്കൾ: ഡോ. ജയ(യുകെ), ഡോ. ശോഭ. മരുമക്കൾ: ഡോ. ചെറിയാൻ വർഗീസ്(യുകെ), ഡോ. ജോർജ് പോൾ(കൊച്ചി).

Top