മോഡിയുടെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചെക്ക്ബുക്കും നിരോധിച്ചേക്കും

നോട്ടുനിരോധനത്തിന് ശേഷം മറ്റൊരു വിവാദ നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ബുക്കുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കോടി കണക്കിന് ആളുകളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന തീരുമാനം സര്‍ക്കാരില്‍നിന്ന് ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് എത്തിക്കുന്നതിനായി ചെക്ക് ബുക്കുകള്‍ ഇല്ലാതാക്കാന്‍ തയാറെടുക്കുന്നത്. നിലവിലുള്ള ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് വെറും അഞ്ച് ശതമാനം മാത്രമാണ്. 95 ശതമാനം ആളുകളും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് മെഷീനില്‍നിന്ന് പണം പിന്‍വലിക്കാനാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ഡേല്‍വാല്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ ബാങ്കുകളും തന്നെ ചെക്ക് ബുക്കുകളുടെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബാങ്കുകളില്‍നിന്ന് ഒരു വര്‍ഷം രണ്ടു ചെക്ക് ബുക്കുകള്‍ സൗജന്യമായി ലഭിക്കുമായിരുന്നെങ്കില്‍ അത് കഴിഞ്ഞയിടയ്ക്ക് ഒരെണ്ണമായി വെട്ടിചുരുക്കി. ഒന്നില്‍ കൂടുതല്‍ ചെക്ക് ബുക്കുകള്‍ ആവശ്യമുള്ളവര്‍ പണം അടയ്ക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെക്ക് ബുക്കുകള്‍ നിരോധിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ആദ്യ നടപടിയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ നോക്കി കാണുന്നത്. നോട്ടുനിരോധനത്തിന് പിന്നാലെ നോട്ടുക്ഷാമം ഉണ്ടായപ്പോള്‍ ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ചെക്കുകളെ വലിയ തോതില്‍ ആശ്രയിച്ചിരുന്നു.

Top