ഇന്ന് പാലായിലേക്ക് വിലാപയാത്ര;റീത്ത് കച്ചവടക്കാര്‍ ഹാപ്പിയാണ്:ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം :മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ് ഫേസ്‌ബുക്കില്‍. ആരോപണം നേരിടുന്ന എക്‍സൈസ് മന്ത്രി കെ ബാബുവിനെയും ഇടത് സഹയാത്രികന്‍ പരിഹസിക്കുന്നുണ്ട്. ഇന്ന് പാലായിലേക്ക് വിലാപയാത്ര; റീത്ത് കച്ചവടക്കാര്‍ ഹാപ്പിയാണ് – എന്നാണ് മാണിയുടെ മടക്കയാത്രയെ ചെറിയാന്‍ ഫിലിപ്പ് ഉപമിച്ചത്.

അതേസമയം, ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ഇന്നു വൈകിട്ട് പാലായില്‍വെച്ചു പറയാമെന്ന് മാണി രാവിലെ പറഞ്ഞു. മടങ്ങി വരണമെന്നും വലിയ താല്‍പ്പര്യമൊന്നുമില്ലെങ്കിലും എല്ലാ സംശയങ്ങളും ദുരീകരിച്ചു കൂടുതല്‍ ശക്തനായി തിരിച്ചുവരും. അല്‍പസമയത്തേക്ക് ദുര്‍ബലനാക്കിയാലും ദൈവം വീണ്ടും കൂടുതല്‍ ശക്തനാക്കുമെന്നും മാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു മാണിയുടെ പ്രതികരണം. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ ഒന്നും ഭയപ്പെടാനില്ല. അതിനാല്‍ തന്നെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പാണ്. വരാതിരിക്കാനുള്ള കാരണങ്ങാളൊന്നുമില്ല. തനിക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയുണ്ട്. ആരോടും പകയില്ലാതെയാണ് തന്റെ ജീവിതം. ഭരണനേട്ടങ്ങളിലാണ് തന്റെ ആശ്വാസം. ഇക്കാലത്തിനിടയില്‍ പാവങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തിപ്രകടനമായാണ് ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് പാലായിലെത്തുന്നതു വരെ വിവിധ കേന്ദ്രങ്ങളില്‍ അനുയായികള്‍ മാണിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് പാലായില്‍ പൊതുയോഗവും സംഘടിപ്പിക്കന്നുണ്ട്. 11 സ്ഥലങ്ങളിലാണ് സ്വീകരണ യോഗങ്ങള്‍ നടക്കുക.

കെ.എം മാണിക്ക് സന്ത്വം തട്ടകമായ പാലായില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. വായമൂടിക്കെട്ടി പ്രകടനം നടത്തിയ ഇടതുമുന്നണി ഇവിടെ രാവിലെ മുതല്‍ കരിദിനം ആചരിക്കുകയാണ്.

എല്ലാ രാഷ്ട്രീയകക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള പ്രതിഷേധ പ്രകടനവും പാലായില്‍ നടന്നു. സ്ഥലത്ത് മഴക്ക് സാധ്യതയുള്ളതിനാല്‍ മാണിയുടെ സ്വീകരണത്തിന് എത്ര പ്രവര്‍ത്തകരെത്തും എന്ന് ഇപ്പോഴും പറയാനാവാത്ത സ്ഥിതിയാണ്. ഇതുവരെ എത്തിച്ചേര്‍ന്നിട്ടുള്ള പ്രവര്‍ത്തകരുടെ എണ്ണം വളരെ കുറവാണെന്നാണ് അറിയുന്നത്. അതേസമയം, കോട്ടയത്തേക്കുള്ള യാത്രാമദ്ധ്യേ കെ.എം മാണി കോട്ടയത്ത് സ്വീകരണം ഏറ്റുവാങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വീകരണ വേദിയില്‍ സന്നിഹിതനായിരുന്നു.

Top