ആ​ശു​പ​ത്രി ബി​ൽ അടച്ചില്ല; ന​വ​ജാ​ത​ശി​ശു​വി​നെ മാ​സ​ങ്ങ​ളോ​ളം ത​ട​ഞ്ഞു​വ​ച്ചു

ലൈബ്രെവിൽ: ആശുപത്രി ബിൽ അടയ്ക്കാത്തതിന്‍റെ പേരിൽ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ തടഞ്ഞുവച്ചു. ആഫ്രിക്കൻ രാജ്യമായ ഗാബോണിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കുഞ്ഞിന്‍റെ മാതാപിതാക്കളുടെ ദുരനുഭവം കണ്ടു രാജ്യം കൈകോർത്തതോടെ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള വഴി തെളിയുകയായിരുന്നു. മാസം തികയാതെ ജനിച്ച എയ്ഞ്ചൽ എന്ന പെൺകുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയിൽ തടഞ്ഞുവച്ചത്. പിറന്നു ശേഷം 35 ദിവസത്തോളം കുഞ്ഞ് ഇന്‍ക്യൂബേറ്ററിലായിരുന്നു. ചികിത്സയ്ക്കൊടുവിൽ ക്ലിനിക് അധികൃതർ 3,630 ഡോളർ (2.33 ലക്ഷം രൂപ) ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രി ബിൽ അടയ്ക്കാൻ മാതാപിതാക്കൾക്ക് സാധിക്കാതിരുന്നതോടെ കുഞ്ഞിനെ വിട്ടുനൽകാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ദുരനുഭവം മാധ്യമശ്രദ്ധ നേടിയതോടെ രാജ്യം ഒന്നോടെ ബില്ലിനുള്ള പണം സമാഹരിക്കാൻ കൈകോർത്തു. ഗാബോൺ പ്രസിഡന്‍റ് അലി ബോംഗോ അടക്കമുള്ളവർ ഇതിനായി സംഭവന നൽകി. ഒ‌ടുവിൽ ബിൽ അടച്ചതോടെ കുഞ്ഞുമായി വീട്ടിൽ പോകാൻ ക്ലിനിക് അധികൃതർ അനുവാദം നൽകുകയായിരുന്നുവെന്ന് അമ്മ സോണിയ പറഞ്ഞു. ക്ലിനിക്കിന്‍റെ ഡയറക്ടറെ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

Latest
Widgets Magazine