കോപ്പ അമേരിക്ക:ചിലി അര്‍ജന്റീനയെ കരയിപ്പിച്ചു ..വിജയം പെനാല്‍റ്റി ഷൂട്ടില്‍

KOPA_FINAL_DIHസാന്റിയാഗോ:കോപ്പ അമേരിക്ക ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ചിലി അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടില്‍ പരാജയപ്പെടുത്തി കിരീടം ചൂടി. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ലാത്തതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.വിജയക്കൊടികള്‍ക്കിടെയില്‍ അര്‍ജന്റീനയുടെ കണ്ണീര്‍ത്തുള്ളികള്‍ കാണാതെ പോയി. മിശിഹാ തമ്പുരാന്‍ നേരിട്ടവതരിച്ചിട്ടും വിജയമധുരം നുകരാന്‍ കോപ്പയില്ല നീലയും വെള്ളയും നിണം പേറിയവര്‍ക്ക്. സാന്‍റിയാഗോയില്‍ ഫുട്ബോളിലെ മിശിഹ അവതരിച്ചില്ല. പകരം നിശ്ചയദാര്‍ഢ്യമുള്ള പതിനൊന്ന് ചെങ്കുപ്പായക്കാരെ കണ്ടു. നഷ്ടക്കടലില്‍ നിന്നും ചിലിയന്‍ കായിക – സ്വപ്നങ്ങളെ കൈപ്പിടിച്ചുയര്‍ത്താന്‍ ഉരുക്കിന്‍റെ നെഞ്ചുറപ്പുമായെത്തിയ പതിനൊന്ന് പേര്‍. അവര്‍ ലോക ഫുട്ബോളിലെ അജയ്യന്മാര്‍ക്ക് കത്രികപ്പൂട്ടിട്ട് കോപ്പ കിരീടം നാട്ടുകാര്‍ക്ക് മുന്നില്‍ കാണിക്ക വെച്ചു.

CHIL2
ചിലിയന്‍ ആക്രമണങ്ങളോടെയായിരുന്നു കളി തുടങ്ങിയത്. അര്‍ട്ടുലോ വിദാലും വാള്‍ദിവിയയും അലക്സി സാഞ്ചസും ഒന്നിന് പിറകെ ഒന്നായി എതിര്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. ഒട്ടാമെന്‍ഡിയും ഡെമിഷലിസും നേതൃത്വം നല്‍കിയ പ്രതിരോധക്കോട്ടക്ക് അര്‍ജന്‍റീന നന്ദി പറഞ്ഞ നിമിഷങ്ങളായിരുന്നു അത്. 29ആം മിനുട്ടില്‍ സൂപ്പര്‍ താരം ഡി മരിയ പരിക്കിനെ തുടര്‍ന്ന് കയറിയത് അര്‍ജന്റീനക്ക് തിരിച്ചടിയായി. ഇതോടെ താളം നഷ്ടപ്പെട്ട അര്‍ജന്‍റീന ഒരു ഘട്ടത്തിലും സ്വതസിദ്ധമായ ശൈലിയിലേക്കെത്തിയില്ല. ലയണല്‍ മെസ്സി പരാഗ്വെക്കെതിരായ മത്സരത്തിന്റെ നിഴല്‍ മാത്രമായൊതുങ്ങി.
 കോപ്പ അമേരിക്കയില്‍ ചിലി ആതിഥേയത്വവും ആധിപത്യവും ഉറപ്പിക്കുന്ന കാഴ്ചയാണ് സാന്റിയാഗോ ചിലിയിലെ സ്‌റ്റേഡിയത്തില്‍ കണ്ടത്. അര്‍ജന്റീനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-1 ന് മറികടന്നാണ് ചിലിയുടെ കന്നി കോപ്പാ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിതമായ മത്സരത്തില്‍ ഗോണ്‍സാലോ ഹിഗ്വെയിനും ബെനേഗയുമാണ് അര്‍ജന്റീനയുടെ കിക്കുകള്‍ പാഴാക്കിയത്.
സാന്റിയാഗോ ഡി ചിലിയിലെ ആര്‍ത്തലച്ച ചെങ്കടലിനെ സാക്ഷിയാക്കി ക്ലോഡിയോ ബ്രാവോ എന്ന അമരക്കാരന്‍ ചിലിക്ക് വേണ്ടി കോപ്പ ചരിത്രത്തില്‍ ആദ്യമായി കിരീടം ഉയര്‍ത്തി. ഗോള്‍രഹിതമായ മത്സരശേഷം പെനല്‍ട്ടി സ്‌പോട്ടിലേക്ക് റഫറി വിരല്‍ ചൂണ്ടുമ്പോള്‍ കൊളംബിയയെ മറികടന്നതിന്റെ ഓര്‍മ്മകളിലായിരുന്നു അര്‍ജന്റീന. ചിലിയുടെ മാറ്റി ഫെര്‍ണാണ്ടസിന്റെ കിക്ക് പോസ്റ്റിന്റെ വലതു മൂലയില്‍ പതിഞ്ഞപ്പോള്‍ മെസ്സി അര്‍ജന്റീനയുടെ പ്രതീക്ഷ കാത്തു.
Messi-chilവിദാലിലൂടെ ചിലി മുന്നിലെത്തിയപ്പോള്‍ ഗോണ്‍സാലോ ഹിഗ്വെയിന്‍ അര്‍ജന്റീനയുടെ പ്രതീക്ഷകളെയാണ് പുറത്തേക്ക് അടിച്ച് കളഞ്ഞത്. അരാംഗസ് കൃത്യത പുലര്‍ത്തിപ്പോള്‍ ബനേഗയുടെ ദുര്‍ബ്ബല കിക്കും അര്‍ജന്റീനയുടെ സാധ്യതകളും ബ്രാവോയുടെ കരങ്ങളില്‍ പിടഞ്ഞു. ഒടുവില്‍ സാഞ്ചസിന്റെ വിജയഷോട്ടിലൂടെ ചിലി ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
അമ്പതിനായിരത്തോളം കാണികളുടെ വിവ വിളികളുടെ അകമ്പടിയില്‍ ചിലി കുതിച്ച മത്സരത്തില്‍ മെസ്സിത്തം നഷ്ടമായിരുന്നു ആല്‍ബിസെലസ്റ്റകള്‍ക്ക്. 20-ആം മിനിട്ടിലെ അഗ്യൂറോയുടെ ഹെഡറും രണ്ടാം പകുതിക്ക് തൊട്ട് മുമ്പ് ലാവെസിക്ക് ലഭിച്ച അവസരവും ഇഞ്ച്വറി ടൈമില്‍ ലാവേസിയുടെ ക്രോസ് കണക്ട് ചെയ്യാത്ത ഹിഗ്വെയിനും ഇനി നഷ്ടക്കണക്കുകള്‍ പറയാം.

 

Top