ചൈനീസ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിനടുത്ത്; ജാഗ്രതയില്‍ ശാസ്ത്രലോകം; എപ്പോള്‍ വേണമെങ്കിലും ഇടിച്ചിറങ്ങാം

ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിക്ക് നേരെ കുതിക്കുന്ന ചൈനയുടെ ബഹിരാകാശ നിലയം ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ നിലയം ഭൂമിയില്‍ വീഴുമെന്നാണു ചൈനയുടെ പ്രവചനം. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നതു തിങ്കളാഴ്ച രാവിലെ 7.25നും വൗകീട്ട് മൂന്ന് മണിക്കും ഇടയില്‍ വീഴുമെന്നാണ്. ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നാണു പ്രവചനം. നേരത്തേ ഭീഷണിയുണ്ടായിരുന്നെങ്കിലും കേരളം ആശങ്കപ്പെടേണ്ടതില്ലെന്നാണു ശാസ്ത്ര ഗവേഷകര്‍ പറയുന്നത്.

ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലയം എവിടെ, എപ്പോള്‍ പതിക്കുമെന്നു പക്ഷേ കൃത്യമായ വിവരം ആര്‍ക്കുമില്ല. അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ വീണേക്കുമെന്നാണു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റഷ്യ, കാനഡ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ വീഴാനിടയുണ്ടെന്നു വേറൊരു കൂട്ടര്‍ വാദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹിരാകാശ പേടകത്തിന്റെ വീഴ്ച മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നു ചൈനീസ് അധികൃതര്‍ പറയുന്നു. നിലയത്തിന്റെ 10 ശതമാനം ഭാഗം മാത്രമേ ഭൂമിയില്‍ പതിക്കാനിടയുള്ളൂ. ബാക്കിയെല്ലാം അന്തരീക്ഷത്തില്‍ കത്തിപ്പോകും. ഭൂമിയിലെ വസ്തുക്കള്‍ക്കു കേടു വരുത്തില്ല. വിഷകരമായ രാസപദാര്‍ത്ഥങ്ങളൊന്നും നിലയത്തില്‍നിന്ന് ഉണ്ടാകില്ലെന്നും ചൈനീസ് സൈനിക വക്താവ് അറിയിച്ചു.

രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ക്കു ടിയാന്‍ഗോങ്-ഒന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ കൈമാറിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ശാസ്ത്ര മന്ത്രാലയ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ 7.26 നും വൈകീട്ട് 3.26 നും ഇടയിലായിരിക്കും ടിയാന്‍ഗോങ്-1 ഭൂമിയില്‍ പ്രവേശിക്കുക. ഇതിനിടെ, ഇടിച്ചിറങ്ങാന്‍ പോകുന്ന ചൈനീസ് ബഹിരാകാശ നിലയത്തിനൊപ്പം അപകടകരമായ രാസവസ്തുക്കള്‍ ഭൂമിയിലെത്തുമെന്നു പ്രചാരണമുണ്ട്.

2016 സെപ്തംബര്‍ 14നാണു തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന്‍ഗോങ്-1. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണു പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

Top