ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഒന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചാണ് ഒന്നാം പ്രതിയായ രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. രഞ്ജിത്തും കുട്ടിയുടെ അമ്മയും ഉള്‍പ്പെടെ കേസില്‍ മൂന്ന് പ്രതികളാണുള്ളത്. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് രഞ്ജിത്ത് വിഷം കഴിച്ചത്. വിധി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. ചോറ്റാനിക്കര അമ്പാടിമലയിൽ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോലഞ്ചേരി മീമ്പാറ ഓണംപറമ്പിൽ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂർ കാരിക്കോട്ടിൽ ബേസിൽ എന്നിവർക്കൊപ്പം പെൺകുട്ടിയുടെ അമ്മയെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇവർ മൂവരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പറയുന്നത്. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളിൽ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭർത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്നയാളുമായി അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസിൽ പരാതിയും നൽകി. സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം  ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുൻപ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ക്രൂരമായ മർദ്ദനങ്ങൾക്കും ഇരയാക്കിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ  വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നത്.

Latest
Widgets Magazine