ഹെലികോപ്റ്റര്‍ ഇടപാടുകാരനുവേണ്ടി ഹാജരായത് യൂത്ത് കോണ്‍ഗ്രസ് അഭിഭാഷകന്‍; കേസ് തലയിലാകാതെ നോക്കാന്‍ ആല്‍ജോയെ പിരിച്ചുവിട്ടു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനായി കോടതിയില്‍ ഹാജരായത് മലയാളി യൂത്ത് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസുകാര്‍ ആരോപണം നേരിടുന്ന ഇടപാടില്‍ ഹാജരായ അഭിഭാഷകനായ ആല്‍ജോ കെ.ജോസഫിനെ പാര്‍ട്ടി പിരിച്ചുവിട്ടു. യൂത്ത് കോണ്‍ഗ്രസ് നിയമ വിഭാഗം മേധാവിയായിരുന്നു ആല്‍ജോ.

യൂത്ത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം നിലയിലാണ് ആല്‍ജോ ഹാജരായതെന്നും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു അറിയിച്ചു.

ആല്‍ജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്. ദുബായ് കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏല്‍പിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആല്‍ജോ പറഞ്ഞു. എന്നാല്‍, കേസ് നടപടികള്‍ക്കു ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ ആല്‍ജോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയയെ കണ്ടതു വിവാദമായി.

ആല്‍ജോ ഹാജരായത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുമെതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റിയിരുന്നു. മിഷേലുമായി കോണ്‍ഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആല്‍ജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു. നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മോശമാക്കുന്ന കേസുകളില്‍ ഹാജരാകരുതെന്നു പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ക്കു ദേശീയ നേതൃത്വം മുന്‍പു നിര്‍ദേശം നല്‍കിയിരുന്നു.

Latest
Widgets Magazine