ജയലളിത വിടവാങ്ങി ….തമിഴ്നാട് തേങ്ങുന്നു ….ജയലളിതയെ ആശുപത്രിയില്‍ നിന്നും പോയസ് ഗാര്‍ഡനിലേക്ക് മാറ്റി

ചെന്നൈ :ജയലളിത വിടവാങ്ങി ….ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. ജയലളിതയെ ആശുപത്രിയില്‍ നിന്നും പോയസ് ഗാര്‍ഡനിലേക്ക് മാറ്റി. തമിഴുനാട്ടിലും അയല്‍ സംസ്ഥാനത്തും വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി.സെപ്റ്റംബര്‍ 22 ന് കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ശരീരത്തിന് ഓക്സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂര്‍ ജയയുടെ ജീവന്‍ നിലനിര്‍ത്തിയത് .
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍നിന്നുള്ള നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയിലെത്തിയിരുന്നു. ജയയെ നേരത്തെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നിര്‍‌ദേശമനുസരിച്ചായിരുന്നു ചികിത്സകള്‍. എന്നാല്‍ വൈദ്യസംഘത്തിന്റെ പ്രയത്നങ്ങളും തമിഴ്മക്കളുടെ പ്രാര്‍ഥനകളും അപ്രസക്തമാക്കികൊണ്ട് തമിഴകത്തിന്റെ ജയ എന്നന്നേക്കുമായി വിട പറഞ്ഞു.വര്‍ണറും സംസ്ഥാന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും മറ്റും ആശുപത്രിയിലെത്തിയിട്ടുണ്ട്. ആശുപത്രിക്കു പുറത്ത് ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത പൊലീസ് വലയത്തിലാണ് ആശുപത്രി.

മൈസൂരിലെ മണ്ഡ്യയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ 1948 ലാണ് ജയലളിത ജനിച്ചത്. അച്ഛന്‍ ജയരാമന്‍ ഒരു വക്കീലായിരുന്നു. അമ്മ വേദവതി. സഹോദരന്‍ ജയകുമാര്‍. ജയയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. സാമ്പത്തികമായി തകര്‍ന്ന കുടുംബത്തെ രക്ഷിക്കാന്‍ അമ്മ വേദവതി ചെന്നൈയിലെത്തുകയും സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ജയയ്ക്ക് ആദ്യം സിനിമയോടു വെറുപ്പായിരുന്നു. അഭിഭാഷകയാകാനായിരുന്നു ആഗ്രഹം.jayalalithaa_650x400

1961 ല്‍ കന്നഡ ചിത്രമായ ശ്രീശൈല മാഹാത്മ്യയില്‍ ബാലതാരമായി അരങ്ങേറിയ ജയ പതിനാറാം വയസില്‍ ചിന്നഡ ഗൊംബെ എന്ന കന്ന‍ഡ ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. ഇത് ഹിറ്റായതോടെ പഠനം നിലച്ചു. പിന്നെ സിനിമയായി ജീവിതം. 1965 ല്‍ വെണ്‍നിറ ആടൈയിലൂടെ തമിഴില്‍ അരങ്ങേറ്റം. പിന്നെയങ്ങോട്ട് തമിഴ്, തെലുഗു, കന്നഡ സിനിമകളുടെ പ്രധാന വിജയചേരുവയായി ജയലളിത. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. തിരക്കുള്ള താരയമായി മാറുന്നതിനിടെയാണ് അമ്മ മരിച്ചത്.

1965 ല്‍ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് ജയ ആദ്യമായി എംജിആറിനൊപ്പം അഭിനയിച്ചത്. പിന്നെ ആ ബന്ധം ദൃഢമായി. എംജിആറിന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുന്നതുവരെയെത്തി ആ അടുപ്പം. അതിനിടെ നടന്‍ ശോഭന്‍ബാബുവുമായി അടുപ്പത്തിലായെന്നും വാര്‍ത്തയുണ്ടായിരുന്നു.
എംജിആറിന്റെ മരണശേഷമാണ് ജയ രാഷ്ട്രീയത്തില്‍ സജീവമായത്. എഐഎഡിഎംകെയുടെ അനിഷേധ്യ നേതൃപദവിയിലെത്തിയ ജയയും രാഷ്ട്രീയ എതിരാളി ഡിഎംകെ നേതാവ് എം. കരുണാനിധിയുമായുള്ള രാഷ്ട്രീയ വൈരം പ്രസിദ്ധമാണ്. സഹോദരനോടോ മറ്റു ബന്ധുക്കളോടോ അടുപ്പം പുലര്‍ത്താതിരുന്ന ജയയുടെ മനസാക്ഷിസൂക്ഷിപ്പുകാരി തോലി ശശികലയായിരുന്നു. ആ അടുപ്പവും പല തവണ വിവാദമായിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ആരോപണ വിധേയയായ ജയയ്ക്ക് മുഖ്യമന്ത്രിക്കസേര വിട്ടിറങ്ങേണ്ടിവന്നിരുന്നു. ജയില്‍വാസവുമനുഭവിച്ചു. പക്ഷേ കുറ്റവിമുക്തയായി തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിപദമേറ്റെടുക്കയായിരുന്നു

Latest
Widgets Magazine