പിണറായി അമേരിക്കയില്‍; ആശംസിച്ചും വിമര്‍ശിച്ചും സൈബര്‍ ലോകം

തിരുവനന്തപുരം : വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. ഭാര്യ കമലവിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. കഴിഞ്ഞമാസം പത്തൊന്‍പതാം തീയതിയാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്കുള്ള യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ അദ്ദേഹം ചികിത്സ നീട്ടിവയ്ക്കുകയായിരുന്നു. പ്രളയക്കെടുതിയിലാണ്ട് പോയ കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തികളെ ഏകോപിപ്പിക്കാനും, ദുരിതത്തിലായ ജനങ്ങളെ ആശ്വസിപ്പിക്കാനും ഒരു ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയന്‍ കൈക്കൊണ്ട നിലപാടുകളെ ലോകമൊന്നടങ്കം പ്രശംസിച്ചു.

കഴിഞ്ഞദിവസം പ്രളയകാലത്ത് മികച്ചസേവനം കാഴ്ചവച്ച പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിനായി മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ ആയിരങ്ങളാണ് മുഖ്യമന്ത്രിയുടെ ആരോഗ്യവിവരം ആരാഞ്ഞുകൊണ്ട് ചികിത്സയ്ക്കായി പോകണമെന്ന് ആവശ്യപ്പെട്ടത്. നവകേരളത്തിന്റെ നിര്‍മ്മാണത്തിനായി കരുത്തനായി മുഖ്യന്‍ തിരിച്ചുവരണമെന്നും ഏറെ പേര്‍ അഭിപ്രായപ്പെട്ടു. ആശംസയ്ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം വിമര്‍ശനങ്ങളുമുണ്ട് സൈബര്‍ ലോകത്ത്. ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുമ്പോള്‍ ചികിത്സയ്ക്കായി എന്തിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത് എന്ന് ഒരു കൂട്ടര്‍ ചോദ്യമുന്നയിക്കുന്നുണ്ട്.

Latest
Widgets Magazine