വിജിലന്‍സ് കേസില്‍ പ്രതിയായ ഐജിയെയും കൊലപാതക കേസില്‍ പ്രതിയായ ഡിവൈഎസ്പിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം

കൊച്ചി: അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി പ്രസംഗിച്ച വേദിയില്‍ അഴിമതി കേസിലെ പ്രതിയായ ഐജിയും കൊലപാതക കേസില്‍ പ്രതിയായ ഡിവൈഎസ്പിയും.കേരള പൊലീസിലെ ഡിവൈഎസ്പിമാരുടെ സംഘടനയായ പൊലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയിലാണ് ഈ വിരോധാഭാസം.

പൊലീസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തി സദസ്സിലെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുമ്പോള്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായ എറണാകുളം റേഞ്ച് ഐജി വേദിയില്‍ പുഞ്ചിരിച്ച് കൊണ്ടിരിക്കുകയായിരുന്നു.

എറണാകുളത്ത് തന്നെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) ലെ മറ്റൊരു കേസില്‍ നിലവില്‍ വിചാരണ നേരിടുന്നുമുണ്ട് ശ്രീജിത്ത്. അതേസ്ഥലത്ത് തന്നെയാണ് ക്രമസമാധാന ചുമതലയില്‍ പിണറായി സര്‍ക്കാര്‍ ഈ ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്.

പത്രപ്രവര്‍ത്തകനായ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഡിവൈഎസ്പിമാരുടെ സംഘടനയുടെ പ്രസിഡന്റായ റഷീദ്. അദ്ദേഹമായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷന്‍.റഷീദിന്റെ ക്രിമിനല്‍ പശ്ചാത്തലം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ പക്ഷേ ശ്രീജിത്തിനെ ‘വെറുതെ വിട്ട്’ ഉപകാരസ്മരണ കാണിക്കുകയും ചെയ്തു.

എന്തായാലും മാധ്യമങ്ങള്‍ കാണാത്തത് സോഷ്യല്‍മീഡിയ കാണുന്ന പുതിയ കാലത്ത് വിവാദ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്തിന്റെയും റഷീദിന്റെയും കൂടെ മുഖ്യമന്ത്രി വേദി പങ്കിട്ടത് വാട്‌സ് ആപ്പില്‍ വ്യാപക പ്രചരണമായിട്ടുണ്ട്. ട്രോളര്‍മാര്‍ ഇത് ശരിക്കും ആഘോഷമാക്കിയിട്ടുണ്ട്.

പ്രസംഗവും പ്രവര്‍ത്തിയും ഒന്നാവണമെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചാണ് മിക്കവരുടെയും കമന്റ്.അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പങ്കെടുത്ത പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് വന്നിട്ടുണ്ട്.

ഇങ്ങനെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വേദിയിലിരുത്തി മഹത്വവല്‍ക്കരിച്ച് അഴിമതിക്കെതിരെ സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് സുധീരന്റെ ആക്ഷേപം.

Latest
Widgets Magazine