ഹൈക്കോടതി വിമര്‍ശനത്തില്‍ കലക്ടറുടെ പ്രതികരണം ഫേസ്ബുക്കില്‍; ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരും

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ കോടതിയില്‍ നല്‍കിയ രേഖകളില്‍ പിഴവ് വന്നതിനെത്തുടര്‍ന്ന് ഹൈക്കോടിതിയുടെ വിമര്‍ശനത്തിന് ഇരയായ കലക്ടര്‍ അനുപമയുടെ പ്രതികരണം ഫേസ്ബുക്കില്‍. ഇംഗ്ലിഷ് കവയത്രി നിഖിത ഗില്ലിന്റെ വരികളാണ് അനുപമ കുറിച്ചത്.

അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും- ഫേസ്ബുക്ക് പോസ്റ്റില്‍ അനുപമ കുറിച്ചു.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ അനുപമയ്‌ക്കെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. നോട്ടിസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. ഇതോടെ, കലക്ടര്‍ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ അനുപമയുടെ പോസ്റ്റ്. സുഹൃത്തു കൈമാറിയ വരികള്‍ക്കു നന്ദി പറഞ്ഞാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടൂറിസം കമ്പനിക്കു നല്‍കിയ നോട്ടിസില്‍ എങ്ങനെ തെറ്റു വന്നുവെന്ന് അന്വേഷിക്കുമെന്നു ജില്ലാ കലക്ടര്‍ ടി.വി. അനുപമ നേരത്തെ പറഞ്ഞിരുന്നു. തിരുത്തിയ നോട്ടിസാണു രണ്ടാമതു നല്‍കിയത്. ആദ്യത്തെ നോട്ടിസ് പിന്‍വലിക്കാന്‍ തയാറായിരുന്നു. സര്‍വേ നമ്പറിലെ തെറ്റ് ആദ്യ നോട്ടിസില്‍ അറിയാതെ സംഭവിച്ചതല്ല. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിച്ചതാകാം.

തെറ്റു വന്നതില്‍ സംശയാസ്പദമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷണം നടത്തും. രണ്ടാമത്തെ നോട്ടിസിലെ സര്‍വേ നമ്പറില്‍ തെറ്റു സംഭവിച്ചിട്ടില്ല. ഉത്തരവു കിട്ടിയ ശേഷം ഇതു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രണ്ടാമത്തെ നോട്ടിസും തെറ്റാണ് എന്നാണ് കോടതി മനസ്സിലാക്കിയതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

Latest
Widgets Magazine