നക്‌സല്‍ നേതാവ് സഖാവ് വര്‍ഗീസിന്റെ അന്ത്യനിമഷങ്ങള്‍ ഇങ്ങനെ…..

കരുണാകരന്റെ വിശ്വസ്തരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ – ജയറാം പടിക്കലും ലക്ഷ്മണയും. ക്രൂരതയുടെ പര്യായങ്ങളായിട്ടാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. രാജനെന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ജയറാം പടിക്കലിനെ ജനമറിയുക. വളരെ കഷ്ടതയനുഭവിച്ചാണ് ഈ മുന്‍ ഡിഐജി മരണമടഞ്ഞത്.

സഖാവ് വര്‍ഗീസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ കുപ്രസിദ്ധ ഐജിയാണ് ലക്ഷ്മണ. കാവ്യനീതിയെന്നോണം വയസാംകാലത്ത് ലക്ഷ്മണയ്ക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ ലഭിച്ചിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വര്‍ഗീസിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കൃത്യം നടത്തിയ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയിരുന്നു. അത് ഇങ്ങനെയാണ് – ഒരു ഫെബ്രുവരി പതിനെട്ടിനാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്…

”പിടിച്ചത് വര്‍ഗീസിനെ തന്നെയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വര്‍ഗീസിന്റെ കൈകള്‍ പിന്നിലേക്ക് കെട്ടി. ജീപ്പില്‍ മാനന്തവാടിക്ക് പോകുന്ന വഴി കാട്ടിക്കുളത്ത് വച്ച് ഡിവൈഎസ്പി ലക്ഷ്മണ ഞങ്ങളോട് കാട്ടിലേക്ക് വണ്ടി തിരിച്ചുവിടാന്‍ പറഞ്ഞു.”

”യാത്ര കാട്ടിലേക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ കൊല്ലാനാണ് കൊണ്ടുപോകുന്നതെന്ന് വര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഞാനും കൂടെയുള്ള പൊലീസുകാരും അങ്ങനെയല്ല എന്ന് വര്‍ഗീസിനോട് പറഞ്ഞു. കൊല്ലുന്നതിന് മുമ്പ് ഒരു സൂചന തരണമെന്നും തനിക്ക് മുദ്രാവാക്യം വിളിച്ച് മരിക്കണമെന്നും വര്‍ഗീസ് ഞങ്ങളോട് അപേക്ഷിച്ചു.”

”കാട്ടില്‍, 11 മണിയോട് പൊലീസുകാര്‍ക്കുള്ള ചോറ് വന്നു. അല്‍പം ഞങ്ങള്‍ വര്‍ഗീസിനും വാരിക്കൊടുത്തു. ഹനീഫ, റപ്പായി, പൊറിഞ്ചു, ഞാന്‍ എന്നിവരൊഴിച്ചുള്ള പൊലീസുകാരെല്ലാം തിരിച്ചുപോയി.”

”വര്‍ഗീസിനെ ഒരു മണല്‍ത്തിട്ടയില്‍ നിര്‍ത്തിയിട്ട് ലക്ഷ്മണ ഞങ്ങളോട് ചോദിച്ചു: ‘ആരാണ് വെടിവയ്ക്കാന്‍ തയ്യാര്‍?’ റപ്പായിയും പൊറിഞ്ചുവും കൈപൊക്കി. ഹനീഫ അവസാനം കൈപൊക്കി. ഞാന്‍ കൈപൊക്കിയില്ല. ‘പറ്റില്ലെങ്കില്‍ എഴുതിത്താ. വര്‍ഗീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൂടി മരിച്ചു എന്ന് കരുതിക്കോ’ എന്ന് ലക്ഷ്മണ ഭീഷണി മുഴക്കിയപ്പോള്‍ എനിക്ക് ആപത്ത് മനസിലായി. ഞാനും കൈപൊക്കി.”

”ലക്ഷ്മണ എന്നോട് വര്‍ഗീസിനെ വെടിവച്ച് കൊല്ലാന്‍ പറഞ്ഞു. ഞാന്‍ തോക്കിന്റെ ബാരല്‍ വര്‍ഗീസിന്റെ ഇടതുനെഞ്ചിനോട് ചേര്‍ത്തുവച്ചു. വെടിവയ്ക്കാന്‍ പോകുകയാണെന്നതിന് ‘ശ്’ എന്നൊരു സൂചന നല്‍കി. വെടിയുതിര്‍ത്തതും ‘മാവോ ഐക്യം സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ’ എന്ന് വര്‍ഗീസ് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് വര്‍ഗീസ് ഇടതുവശം ചരിഞ്ഞുവീണു.”

Top