കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ

ബംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 102 സീറ്റു നേടുമെന്നാണ് ഫലം പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ ജനതാദള്‍ എസിന്റെ പിന്തുണ ലഭിക്കുന്നവര്‍ക്ക് അധികാരത്തിലേറുമെന്നും ടിവി 9സീ വോട്ടര്‍ സര്‍വ്വേ ഫലം പറയുന്നു.

സംസ്ഥാനത്ത് ബി.ജെ.പി 96 സീറ്റുവരെ നേടി നില മെച്ചപ്പെടുത്തുമെന്നും 40 സീറ്റുള്ള ജനതാദള്‍ എസ് 25 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. 25 സീറ്റിലേക്ക് ചുരുങ്ങിയാലും പുതിയ സര്‍ക്കാറിനെ തീരുമാനിക്കുന്നതില്‍ ജനതാദളിന്റെ തീരുമാനം നിര്‍ണായകമാകുമെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 122 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു. ബി.ജെ.പിയും ജനതാദള്‍ എസും 40 സീറ്റുകള്‍ വീതം നേടി രണ്ടാമതെത്തി. എന്നാല്‍ പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ കോണ്‍ഗ്രസ് പിന്നിലായി. 28 ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്‍പതെണ്ണം മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. രണ്ട് സീറ്റ് ജനതാദള്‍ നേടിയപ്പോള്‍ ബാക്കിയുള്ള 17 സീറ്റും ബി.ജെ.പിക്കായിരുന്നു.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാവും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. ഭരണ നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം ബി.ജെ.പിയുടെ ജനദ്രോഹ-മുസ്‌ലിം വിരുദ്ധ നിലപാടുകളും തെരഞ്ഞെടുപ്പിന് ആയുധമാക്കും കോണ്‍ഗ്രസ്. ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തിയ ശേഷം കര്‍ണാടക പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ ഒരുക്കുന്നതിനായി കര്‍ണാടക സന്ദര്‍ശിക്കാനിരിക്കുകയാണ്.

Top