ഡിസിസി തല പുനഃസംഘടന കോണ്‍ഗ്രസ് ഇനി വേഗത്തിലാക്കുന്നു.

തിരുവനന്തപുരം: ഡിസിസി തല പുനഃസംഘടന കോണ്‍ഗ്രസ് ഇനി വേഗത്തിലാക്കിയേക്കും. ചില ഡിസിസി പ്രസിഡന്റുമാര്‍ തന്നെ മാറിയാലും അദ്ഭുതപ്പെടാനില്ല. തദ്ദേശ തിരഞ്ഞെടുപ്പു ജനവിധിയെക്കുറിച്ചുള്ള കെപിസിസി നേതൃത്വത്തിന്റെ തെളിവെടുപ്പു നല്‍കുന്ന സൂചന ഇതാണ്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നേതാക്കളുമായി ഇന്ന് ആശയവിനിമയം നടത്തും. തിരുവനന്തപുരം അവലോകനം തിങ്കളാഴ്ചത്തേക്കു മാറ്റി. സംഘടനാ സംവിധാനത്തിലെ പഴുതുകളും വിള്ളലുകളുമാണു രണ്ടു ദിവസത്തെ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നത്. സംഘടന ശക്തമായ ഇടത്തൊക്കെ എല്‍ഡിഎഫിനെ ചെറുക്കാനും ബിജെപിക്കു തടയിടാനും കഴിഞ്ഞു. എന്നാല്‍ മിക്ക ജില്ലകളിലും ദൗര്‍ബല്യങ്ങളാണു കൂടുതല്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്ബു സംഘടനയ്ക്കു പുതുജീവന്‍ നല്‍കണമെന്ന അഭിപ്രായത്തിനാണു മേല്‍ക്കൈ. യുവ പ്രാതിനിധ്യം കൂട്ടണമെന്ന അഭിപ്രായവുമുണ്ടായി.

ബിജെപിയുടെ യുവജന സ്വാധീനശ്രമം ജാഗ്രതയോടെ കാണണം. സംഘടനാ പിഴവ്, പ്രചാരണ പോരായ്മ, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത- ഇതാണു തോല്‍വിക്കു കാരണമായത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ആശങ്കയോടെ കാണേണ്ടതില്ലെന്ന വികാരം മിക്ക ജില്ലക്കാരും പങ്കുവച്ചു. ഇടതു സര്‍ക്കാരിനെതിരായ വികാരവും സിപിഎമ്മിനകത്തെ ഭിന്നതകളും ഇടതു ഭരണസമിതികളോടുള്ള ഇഷ്ടക്കേടുകളുമാണു 2010ല്‍ യുഡിഎഫിന്റെ വന്‍ കുതിപ്പിനു വഴിയൊരുക്കിയത്. ഇത്തവണ സമാന പ്രശ്നങ്ങള്‍ യുഡിഎഫ് നേരിട്ടെങ്കിലും അതേ തിരിച്ചടി സംഭവിച്ചില്ല. സ്ഥാനാര്‍ഥി നിര്‍ണയവും സങ്കീര്‍ണമായി. എംപിയോ എംഎല്‍എയോ ആകാന്‍ കഴിയില്ലെന്നു വന്നാല്‍ പിന്നെ പ്രാദേശിക സര്‍ക്കാരുകളുടെ ഭാഗമാവുകയാണ് ഏക സാധ്യത എന്നു കണ്ടുള്ള നീക്കങ്ങളാണു സ്ഥാന മോഹികള്‍ നടത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പറ്റാതാകുകയും തല്‍ഫലമായി റിബലുകള്‍ ഉണ്ടാകുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു. സിപിഎമ്മിനും മുസ്‍ലിംലീഗിനും വരെ റിബലുകള്‍ ഇങ്ങനെ ഉണ്ടായി. തദ്ദേശ വിധി ഭരണ വിലയിരുത്തലാകുമെന്ന നിലപാടു മുഖ്യമന്ത്രി സ്വീകരിക്കരുതായിരുന്നുവെന്നു പറഞ്ഞവരുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിഫലിക്കാമെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറ്റു ഘടകങ്ങള്‍ക്കാണു പ്രസക്തി കൂടുതല്‍. അങ്ങനെ മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണു ബാര്‍ കോഴ വിവാദവും മറ്റും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സ്ഥിതി ഉണ്ടായത്. സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകണം എന്ന നിശ്ചയത്തോടെ ബാര്‍ ലോബി എതിരാളികളെ സഹായിച്ചതു വ്യക്തമായി അറിയാമെന്നു ചില നേതാക്കള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട്ടും പാലക്കാട്ടും ഹൈന്ദവ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പറ്റിയില്ലെന്ന ചര്‍ച്ച ഉണ്ടായി. കോഴിക്കോട്ട് കെ. മുരളീധരനെപ്പോലൊരു നേതാവിന്റെ അഭാവമുണ്ടെന്ന പരാമര്‍ശം വന്നു. അവിടെയും മലപ്പുറത്തും ലീഗിനു പഴയ അപ്രമാദിത്തമുണ്ടെന്നു തീര്‍ത്തു പറയാനാവില്ല. ലീഗിലും ഭിന്നതകളുണ്ട്. മറ്റു മുസ്‍ലിം വിഭാഗങ്ങള്‍ സ്വാധീനം മെച്ചപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളാണു തൃശൂര്‍ കോര്‍പറേഷന്‍ നഷ്ടപ്പെടാന്‍ കാരണം. വയനാട്ടില്‍ വന്‍ മുന്നേറ്റം ഉണ്ടാകാതെ പോയതു കോണ്‍ഗ്രസ് പല തട്ടിലായി നിന്നതിനാലാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികളായ എം.എം. ഹസന്‍, തമ്ബാനൂര്‍ രവി, വി.ഡി. സതീശന്‍, ശൂരനാട് രാജശേഖരന്‍ എന്നിവര്‍ രണ്ടുദിവസവും അര്‍ധരാത്രിയോളം നീണ്ട ചര്‍ച്ചകളില്‍ ഭാഗഭാക്കായി. തുറന്ന ക്രിയാത്മക ചര്‍ച്ചയായാണ് നേതാക്കള്‍ ഈ പുതിയ ശ്രമത്തെ വീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അഭിപ്രായൈക്യം ഉണ്ടാക്കി മുന്നോട്ടു പോകാമെന്നാണു പ്രതീക്ഷ.

Top