യുവനേതാക്കൾക്ക് എതിരെ സുധാകരൻ.നേതാക്കള്‍ക്ക് എതിരെ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് യുവാക്കൾ പിന്‍മാറണം.രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്‍

കൊച്ചി:രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരന്‍. ഹൈക്കമാന്‍ഡിന് വ്യക്തമായ തീരുമാനമുണ്ട്. കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണ്. യുവനേതാക്കള്‍ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണം. അഭിപ്രായം രേഖപ്പെടുത്തേണ്ടത് പാര്‍ട്ടി ഫോറങ്ങളിലാണെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നു. വീണ്ടും രാജ്യസഭയിലെത്താന്‍ ആഗ്രഹമുണ്ടെന്ന പി.ജെ കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യുവനേതാക്കള്‍ ആഞ്ഞടിച്ചത്. എംഎല്‍എ മാരായ വി.ടി ബല്‍റാമും, ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പി.ജെ കുര്യനെതിരെ ആഞ്ഞടിച്ച് യുവ എംഎല്‍എമാരായ ഹൈബി ഈഡന്‍, റോജി എം ജോണ്‍, അനില്‍ അക്കരയും രംഗത്തെത്തി.രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ ആഞ്ഞടിച്ചു. യുവാക്കളെയാണ് ഇനി പരിഗണിക്കേണ്ടത്. കണ്ടുമടുത്ത മുഖങ്ങള്‍ മാറ്റി യുവാക്കള്‍ക്കും, വനിതകള്‍ക്കും, രാജ്യസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നും ഹൈബി ഈഡന്‍ ആവശ്യം ഉയര്‍ത്തി. ഈ ആവശ്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇതേ ആവശ്യവുമായി റോജി. എം ജോണും രംഗത്തെത്തി. ചെങ്ങന്നൂര്‍ നല്‍കുന്ന പാഠം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയാറാകണം. മരണം വരെ പാര്‍ട്ടിയിലോ, അസംബ്ലിയിലോ ഉണ്ടാകണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നും പല പാര്‍ട്ടി സ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥയെന്നും അവരെ മാറ്റാന്‍ പാര്‍ട്ടി തയാറായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ലെന്നും റോജി രൂക്ഷ പ്രതികരണം ഉയര്‍ത്തി. അതേസമയം പി.ജെ കുര്യന് വിശ്രമം കൊടുക്കണമെന്ന് അനില്‍ അക്കരെ എംഎല്‍എയും ആവശ്യം ഉയര്‍ത്തി.ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു ശേഷം കെഎസ്‌യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേതൃത്വത്തിനെതിരെയും ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെയും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അണ്ഡനും അടകോടനും നേതൃസ്ഥാനത്ത് കയറിയിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ വിമര്‍ശനത്തോടെയാണ് പ്രതിഷേധം മറനീക്കി പുറത്തുവന്നത്

anil hibi -roji

അതേസമയം എംഎം ഹസ്സനെയും പി.പി.തങ്കച്ചനെയും മാറ്റാന്‍ തീരുമാനിച്ചതായും സൂചന. സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിലും തീരുമാനമാകുകയുള്ളൂ.രാജ്യസഭാ സീറ്റ് പി.ജെ.കുര്യന് തന്നെ നല്‍കാന്‍ തീരുമാനം ഇല്ലെന്ന് എഐസിസി വ്യക്തമാക്കി . സംസ്ഥാന നേതാക്കളുടെ തീരുമാനം കേട്ട ശേഷമേ ആലോചനയുണ്ടാകൂവെന്നും എഐസിസി അറിയിച്ചു.പാര്‍ലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്നും ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ് വേണ്ടതെന്നും ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാന്‍ പുതിയ ഊര്‍ജവും പുതിയ മുഖവും ആവശ്യമാണെന്ന് മറ്റാരേക്കാളും പി.ജെ കുര്യന്‍ തന്നെ തിരിച്ചറിയണമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അറുപത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി പാര്‍ലമെന്ററി പദവികളില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുകൊണ്ട് മുഴുവന്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകനാകുകയെന്ന മാതൃക എല്ലാവരും പിന്തുടരണമെന്നും പി.ജെ. കുര്യനെ പോലെ പ്രഗല്‍ഭനായ ഒരാളെ ഇനിയും വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടുണെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.

മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് പുതുമുഖം വന്നേപറ്റൂ. അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെയും മാറ്റണമെന്നും ഷാഫി പറഞ്ഞു. പിജെ കുര്യന്‍ ഔചിത്യപൂര്‍വം വിടവാങ്ങണമെന്ന് വി.ടി.ബല്‍റാമും ആവശ്യപ്പെട്ടു. ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തവരെ പരിഗണിക്കണം. സമഗ്രമാറ്റമില്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നും ബല്‍റാം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണെന്ന് വിടി ബല്‍റാം പറയുന്നു.

രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്‌സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും. പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടതെന്ന് ബല്‍റാം ഓര്‍മപ്പെടുത്തുന്നു. പകരം ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍,ടി.സിദ്ധീഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി പരിഗണിക്കാവുന്ന ചിലരുടെ പേരുകളും ബല്‍റാം നിര്‍ദ്ദേശിച്ചു.

Top