ഗ്രൂപ്പ് കളി കോണ്‍ഗ്രസ്സിനെ നശിപ്പിക്കുന്നു; പാര്‍ട്ടിയില്‍ ഗ്രൂപ്പ് മാനേജര്‍മാര്‍; മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ വിവാദമാകുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നിങ്ങളെന്നെ ബിജെപിയാക്കി’ എന്ന ആത്മകഥ വിവാദമാകുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ നിശിതമായി വിമര്‍ശിക്കുന്ന ആത്മകഥ ഗ്രൂപ്പ് കളികളുടെ ഉള്ളറകളിലേയ്ക്കും വെളിച്ചം വീശുന്നു. കോഴിക്കോട്ടെ പൂര്‍ണ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു ഡി എഫ് ഘടകക്ഷി നേതാക്കളെയും രാമചന്ദ്രന്‍മാസ്റ്റര്‍ വിമര്‍ശിക്കുന്നുണ്ട്.

1954 ലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല സ്യൂട്ട്‌കേസ് രാഷ്ട്രീയം വരെ നീളുന്ന 185 പേജുള്ള ആത്മകഥയാണിത്. ഇ എം എസ്, പട്ടം താണുപിള്ള, കെ കരുണാകരന്‍, ഡോ: കെ ജി അടിയോടി, പ്രൊഫ: കെ എം ചാണ്ടി, ചാത്തുണ്ണി മാസ്റ്റര്‍, എ കെ ആന്റണി, കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാര്‍, എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കളിലൂടെ കടന്നുപോകുന്ന സംഭവങ്ങള്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ പുസ്തകത്തില്‍ വിവരിക്കുന്നു. ഭരണഘടനാതീതനായി വളര്‍ന്ന കെ മുരളീധരനെക്കുറിച്ചും ലീഡറുമായുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ആത്മകഥയില്‍ ലീഡര്‍ക്ക് പാരവെച്ച എം എം ഹസ്സനെക്കുറിച്ചും പരാമര്‍ശമുണ്ട്. ലീഡറുടെ സ്മരണയെപ്പോലും തള്ളിക്കളഞ്ഞ നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെന്നും മാസ്റ്റര്‍ കുറ്റപ്പെടുത്തുന്നു.

പല പാര്‍ട്ടികളും തളരുന്നതിന് കാരണം വിവിധ തട്ടുകളിലുള്ള ശ്രോതാക്കളുടെ മുഖം ജനപക്ഷമുഖം അല്ലാത്തതുകൊണ്ടും അവരുടെ ജനപക്ഷ മുഖാമുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടുമാണെന്ന് അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എ കെ ആന്റണിയെ മുഖ്യമന്ത്രി പദത്തില്‍ നിന്നും വി എം സുധീരനെ കെ പി സി സി പ്രസിഡന്റ് പദത്തില്‍ നിന്നും പുകച്ച് പുറത്താക്കിയ, സംസ്ഥാന ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇക്കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലെന്ന് അദ്ദേഹം പറയുന്നു. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തവരെ എങ്ങനെ പുകച്ചു ചാടിക്കാം എന്നാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ ചിന്ത. ഇവരുടെ ഇച്ഛാനുവര്‍ത്തികളല്ലാത്തവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ പാര്‍ശ്വവത്ക്കരിക്കുകയോ ചെയ്യുന്നു.

പാര്‍ട്ടി നശിച്ചാലും വേണ്ടില്ല, തങ്ങളുടെ സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുകയെന്ന സങ്കുചിത താത്പര്യങ്ങളാണ് ഈ ഗ്രൂപ്പ് മാനേജര്‍മാരെ നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ആര്‍ ഇ സി കാന്റീനില്‍ സപ്ലൈയറായിരുന്ന സംസ്ഥാന ഭാരവാഹി വയനാട്ടിലെ പാര്‍ട്ടി തര്‍ക്കം തീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചത് ഒരു ഭാഗത്തിന് മൂന്നര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു. അദ്ദേഹത്തിന് കോടികളുടെ ആസ്തിയുണ്ടെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് ആശയപരമല്ല ആമാശയപരമാണെന്നും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു.

രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി പല തട്ടിലുള്ള കോണ്‍ഗ്രസ് ഭാരവാഹികളും ഗ്രൂപ്പ് മാനേജര്‍മാരുടെ കമ്മീഷന്‍ ഏജന്റുമാരും കണ്ടു. യു ഡി എഫ് ഘടകക്ഷികളുടെ വിവിധ തട്ടുകളിലുള്ള നേതാക്കളും ഇതില്‍ നിന്ന് ഒഴിവാണെന്ന് പറയാനൊക്കില്ല. കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ പാര്‍ട്ടി ഇന്ന് പരാജയപ്പെടുകയാണെന്നും മാസ്റ്റര്‍ ആത്മകഥയില്‍ വിമര്‍ശിക്കുന്നു.
കെ മുരളീധരന്‍ ഭരണഘടനാതീത ശക്തിയായി വളരുന്നു, എം എം ഹസ്സന്‍ ഗ്രൂപ്പിന്റെ പേരില്‍ ലീഡര്‍ക്ക് പാരവെക്കുന്നു, എ കെ ആന്റണിക്കെതിരെ ഒളിയുദ്ധം, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മിനി കാബിനറ്റ്, കെ മുരളീധരന്റെ തിരിച്ചുവരവും ഗ്രൂപ്പ് മാനേജര്‍മാരും, കരുണാകരന്‍ ഗ്രൂപ്പും ആന്റണി ഗ്രൂപ്പും, എന്നോടും കുടുംബാംഗങ്ങളോടും രണ്ട് ഗ്രൂപ്പ് നേതാക്കളുടെ പകപോക്കല്‍, പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് അഴിമതിക്കാരായ രണ്ട് ഗ്രൂപ്പ് എം ഡിമാര്‍, അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം, അഴിമതിയെ എതിര്‍ക്കുന്നവര്‍ രണ്ടു ഗ്രൂപ്പിന്റെയും പൊതു ശത്രു, പഴയ കുടുംബ ബന്ധങ്ങളില്ല, കോണ്‍ഗ്രസുകാര്‍ തമ്മില്‍ എന്നിങ്ങനെ ആത്മകഥയിലെ തലക്കെട്ടുകള്‍ തന്നെ കോണ്‍ഗ്രസിനെതിരെയുള്ള രാമചന്ദ്രന്മാസ്റ്ററുടെ ഏറ്റുമുട്ടലിന് ഉദാഹരണങ്ങളാകുന്നു.

ആറു തവണ എം എല്‍ എയും രണ്ടു തവണ എം പിയും 2004 ല്‍ എ ഐ സി സി അംഗവും 1970 മുതല്‍ 2017 വരെ കെ പി സി സി നിര്‍വ്വാഹക സമിതി അംഗവുമായിരുന്ന രാമചന്ദ്രന്‍ മാസ്റ്ററെ അടുത്തിടെ നടന്ന കെ പി സി സി പുനഃസംഘടനയില്‍ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയിട്ടുണ്ട്. ദീര്‍ഘകാലം വയനാട് എംഎല്‍എയായിരുന്ന രാമചന്ദ്രനന്‍ മാസ്റ്റര്‍ക്ക് ജെ.ഡി.യു ഇടതുമുന്നണി വിട്ട് യു.ഡി.എഫില്‍ എത്തിയതോടെയാണ് മത്സരിക്കാന്‍ മണ്ഡലമില്ലാതായത്.

രാമചന്ദ്രന്മാസ്ററുടെ മണ്ഡലമായ കല്‍പ്പറ്റ മുന്നണി ധാരണ പ്രകാരം ജെ.ഡി.യുവിലെ ശ്രേയാംസ്‌കുമാറിനാണ് കോണ്‍ഗ്രസ് നല്‍കിയത്. വീരേന്ദ്രകുമാറിന്റെ കടുത്ത എതിരാളിയായ മാസ്റ്റര്‍ വീരന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍നിന്ന് അകന്നത്.

Top