കര്‍ണ്ണാടകയിലെ ഓപ്പറേഷന്‍ താമര വാടി!! യെഡിയൂരപ്പ മടങ്ങിയെത്തി, പിന്നാലെ നേതാക്കളും

എംഎല്‍എമാരെ വശത്താക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് – ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഹരിയാന റിസോര്‍ട്ടില്‍ നിന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെഡിയൂരപ്പ ബെംഗളൂരുവിലേക്കു മടങ്ങി. അവിടെ പാര്‍പ്പിച്ചിട്ടുള്ള മറ്റു ബിജെപി എംഎല്‍എമാരും ഇന്നും നാളെയുമായി തിരിച്ചെത്തും.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യ നിമിഷം മുതല്‍ തന്നെ സംസ്ഥാന ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തായിരുന്നു അധികാരം പിടിക്കാനുള്ള ആദ്യ ശ്രമം ബിജെപി നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അധികാരത്തില്‍ എത്താനുള്ള ബിജെപിയുടെ ഒരോ നീക്കങ്ങളേയും സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും കഴിഞ്ഞു. ഏറ്റവും ഒടുവിലായി സ്വതന്ത്രനടക്കമുള്ള രണ്ടുപേരെക്കൊണ്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിപ്പിച്ചും കോണ്‍ഗ്രസ് എംല്‍എമാരെ ചാക്കിലാക്കിയും ബിജെപി ശ്രമം തുടര്‍ന്നു. എന്നാല്‍ രണ്ടാം ഓപ്പറേഷന്‍ താമര എന്നറിയപ്പെട്ട ആ നീക്കങ്ങളെ കോണ്‍ഗ്രസ് വീണ്ടും വളച്ചൊടിച്ച് പെട്ടിയിലാക്കിയിരിക്കുകയാണ്.

ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പൊളിക്കാന്‍ കോണ്‍ഗ്രസ് നടത്തിയത് ഓപ്പറേഷന്‍ സേവ് കര്‍ണാടകയായിരുന്നു. ഏത് വിധേനയും സര്‍ക്കാറിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

കെസി വേണുഗോപാലിന് ശക്തമായ പിന്തുണയുമായി ഡികെ ശിവകുമാറും നിന്നു. അനുനയം വേണ്ടിടത്ത് അനുനയവും ഭീഷണി വേണ്ടിടത്ത് ഭീഷണി, വാഗ്ദാനങ്ങള്‍, സ്ഥാനത്യാഗം തുടങ്ങിയ മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് പുറത്തെടുത്തത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയില്‍ അധികാരം പിടിക്കുക എന്നായിരുന്നു ബിജെപിയുടെ ലക്ഷ്യം. വിമത എംഎല്‍എമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാതിരിക്കാന്‍ മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളായിരുന്നു പാര്‍ട്ടി ഇവര്‍ക്ക് മുന്നില്‍ വെച്ചത്.

എതിര്‍പ്പുകള്‍ മറികടന്ന് ബിജെപി അനുകൂല നിലപാടെടുത്താല്‍ ഭാവി അവതാളത്തിലാകുമെന്ന് വിമതര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കി. ആടി നില്‍ക്കുന്ന എംഎല്‍എമാരുടെ വീടുകള്‍ വളഞ്ഞ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വിമത എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കി.

കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞ് രാജിവെച്ച് പിന്നീട് മത്സരിക്കാന്‍ നിയമപരമായി വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന കാട്ടി കൂറുമാറ്റ നിയമം സംബന്ധിച്ച് എംഎല്‍എമാര്‍ക്ക് ക്ലാസ് നല്‍കി. റെയ്ഡ് ഉള്‍പ്പടേയുള്ള ഭീഷണിയും ചിലര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തി.

എംഎല്‍എമാരെ പിടിച്ചു നിര്‍ത്താനുള്ള നീക്കം പരാജയപ്പെടുകയും അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിക്കുകയും ചെയ്താല്‍ സുപ്രീംകോടതിയില്‍ നിയമപരമായി നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരേയും ദില്ലിയില്‍ കോണ്‍ഗ്രസ് സജ്ജമാക്കിയിരുന്നു.

കോണ്‍ഗ്രസ് പ്രതിരോധത്തിന് മുന്നില്‍ ദൗത്യം വിജയിക്കില്ലെന്ന് ഉറപ്പായതിനാല്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്നു ബിജെപി കര്‍ണാടക അധ്യക്ഷന്‍ യെദ്യൂരപ്പയും കുറച്ച് എംഎല്‍എമാരും ബെംഗളൂരിവിലേക്ക് മടങ്ങി. ബാക്കി എംഎല്‍എമാര്‍ ഇന്നും നാളെയുമായി മടങ്ങും.

Top