ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു  

 

മുംബൈ: ഒരുമിച്ച് മരിക്കാന്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധ ദമ്പതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മുംബൈ സ്വദേശികളാണ് കത്തയച്ചത്.  മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണ്‍ ലാവതെ(86) യും, ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ച ഐരാവതി ലാവതെ(79)യുമാണ് ദയാവധത്തിന് അനുമതി ചോദിച്ച് രംഗത്തെത്തിയത്.  തങ്ങളെക്കൊണ്ട് സമൂഹത്തിന് ഇപ്പോള്‍ ഒരു പ്രയോജനവും ഇല്ല. തുടര്‍ന്നും ഉണ്ടാകില്ല. അതുകൊണ്ട് തങ്ങളെ ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണമെന്ന് ദമ്പതികള്‍ രാഷ്ട്രപതിയ്ക്ക് അയച്ച കത്തില്‍ പറയുന്നു. കുട്ടികളില്ലാത്ത തങ്ങള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നം ഒന്നുമില്ലെന്നും കത്തില്‍ കുറിക്കുന്നുണ്ട്.  ജീവിക്കാന്‍ താല്‍പര്യമില്ല. ജീവിതത്തില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ല, എങ്കിലും ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ഡോക്ടറുടെ സഹായത്താല്‍ ഒരുമിച്ച് മരണം വരിക്കാന്‍ തയ്യാറാണ് അതുകൊണ്ടാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്ന് ഇവര്‍ പറയുന്നു. മഹരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്ന് 1989ലാണ് ലാവ്‌തെ വിരമിച്ചത്. ഭാര്യ ഐരാവതി ലാവ്‌തെ മുംബൈയിലെ ഒരു ഹൈസ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്നു.

Latest
Widgets Magazine