ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ചു ;ദമ്പതിമാര്‍ അറസ്റ്റില്‍  

 

മെല്‍ബണ്‍ :ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര്‍ മെല്‍ബണില്‍ അറസ്റ്റില്‍. ഇന്ത്യന്‍ സ്വദേശികളായ ദമ്പതിമാര്‍ തന്നെയാണ് വീട്ടിനുള്ളിലെ മുറിയില്‍ യുവതിയെ അടിമയാക്കി താമസിപ്പിച്ചത്. ഇവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം യുവതി നല്‍കിയ പരാതിയിലാണ് ദമ്പതിമാര്‍ പിടിയിലാകുന്നത്. തമിഴ്‌നാട് സ്വദേശികളായ കന്തസ്വാമി. ഭാര്യ കുമുതിനി എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.  തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണ നേരിട്ട് വരികയാണ്. 2007 മുതല്‍ 2015 വരെ ഈ ദമ്പതിമാരുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന യുവതിയെ ഇവര്‍ ക്രൂര പീഡനങ്ങള്‍ക്കാണ് ഇരയാക്കിയിരുന്നത്. വീട്ടില്‍ ബന്ധിയാക്കിയ സമയങ്ങളില്‍ ചൂടുവെള്ളം ശരീരത്തില്‍ ഒഴിച്ച് പരിക്കേല്‍പ്പിച്ചിരുന്നതായും തിളച്ച ചായ മുഖത്തൊഴിക്കാറുള്ളതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ പാത്രങ്ങള്‍ കൊണ്ടടക്കം ഇരുവരും തന്നെ മര്‍ദ്ദിച്ചിരുന്നതായും വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പൂട്ടിയിടാറുള്ളതായും യുവതി നല്‍കിയ പരാതിയിലുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പീഡിതയായ യുവതിക്ക് ശമ്പള കുടിശ്ശികയായി വന്‍ തുകയും ദമ്പതിമാര്‍ നല്‍കാനുണ്ട്. ഇതിനായുള്ള നിയമ പോരാട്ടങ്ങളിലാണ് പീഡനത്തിനിരയായ യുവതി.

Latest
Widgets Magazine