പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയത് മരുമകളുടെ കാമുകന്‍

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയിലായ പ്രതി കൊല്ലപ്പെട്ടവരുടെ മരുമകളുടെ കാമുകനാണെന്ന് പോലീസ്. മങ്കരയില്‍ താമസിക്കുന്ന സദാനന്ദന്‍ ആണ് പോലീസ് പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണു പോലീസ് ഇയാളെ പിടികൂടിയത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സദാനന്ദനും ഷീജയും തമ്മിലുളള അടുപ്പമാണ് കൊലപാതകത്തിന് കാരണമായത്. തങ്ങളുടെ അവിഹിതബന്ധം തുടരാനും ഇക്കാര്യം മകനെ അറിയിക്കാതിരിക്കാനുമാണ് സദാനന്ദന്‍ ക്രൂരമായ കൊലപാതകം നടത്തിയത്. പാലക്കാട് സ്വദേശി വിമുക്തഭടനായ സ്വാമിനാഥനെയും(72) ഭാര്യ പ്രേമകുമാരിയെയു(65)മാണ് സദാനന്ദന്‍ കൊലപ്പെടുത്തിയത്. സ്വാമിനാഥനെ സ്വീകരണമുറിയില്‍വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം വയറില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ പ്രേമകുമാരിയെ കിടപ്പുമുറിയില്‍ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാന്‍ വീട്ടിലുണ്ടായിരുന്ന മരുമകള്‍ ഷീജയെ കെട്ടിയിട്ട് മുളകുപൊടിയെറിഞ്ഞു. ഷീജയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു കശ്മീരില്‍ സൈനീകനായ പ്രദീപിന്റെ ഭാര്യയാണ് ഷീജ. കഴിഞ്ഞമാസം 31ന് രാത്രി പതിനൊന്നുമണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Latest