മന്ത്രി മണിയെ കക്കൂസ് ടാങ്കിനോട് ഉപമിച്ച് സിപിഐ ജില്ലാ സെക്രട്ടറി; തങ്ങള്‍ക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ടെന്നും വെല്ലുവിളി

തിരുവനന്തപുരം: എം.എം. മണിക്കും സിപിഎമ്മിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. എം.എം. മണി സിപിഐയുടെ പുറകെ നടന്ന് അസഭ്യം പറയുകയാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ വിമര്‍ശിച്ചു. സിപിഎം പറയുന്നത് അതേപടി അനുസരിക്കാന്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനവേദിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വിമര്‍ശനം. സിപിഐ യെ മുഖ്യശത്രുവായിട്ടാണ് സിപിഎം കണക്കാക്കുന്നതെന്നും കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് മണിയെന്ന് പറയാന്‍ അറിയാത്തതുകൊണ്ടല്ലെന്നും ശിവരാമന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐ എല്‍ഡിഎഫ് മുന്നണിയിലെ ഒരു വിഴുപ്പല്ല. ഞങ്ങളെ നോക്കി ആരും കണ്ണുരുട്ടേണ്ട. സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ് സിപിഐ ഞങ്ങള്‍ക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ട. പക്ഷെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞ് നിന്ന് അര്‍ഹിക്കുന്നത് കൊടുക്കാനും തങ്ങള്‍ക്കറിയാമെന്നും കെകെ ശിവരാമന്‍ പറഞ്ഞു.

മൂന്നാര്‍, കൊട്ടാക്കമ്പൂര്‍ വിഷയങ്ങളില്‍ വളഞ്ഞിട്ട് ആക്രമിച്ച സിപിഎമ്മിനും മന്ത്രി എം.എം.മണിക്കും അതേ നാണയത്തിലാണ് ശിവരാമന്‍ മറുപടി നല്‍കിയത്. സിപിഐയെ പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രി എം.എം. മണിയുടേത് മുന്നണി മര്യാദയുടെ ലംഘനമാണ്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

സിപിഐയെ വിമര്‍ശിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. കണ്ണുരുട്ടിയാല്‍ പേടിക്കാന്‍ സിപിഎം കൂലിക്ക് ആളെ വിളിക്കുന്നതാണ് നല്ലത്. 1964-ലെ പിളര്‍പ്പിനു ശേഷം സിപിഎമ്മിന്റെ അതിക്രമങ്ങളെ അതിജീവിച്ചതാണ് സിപിഐ എന്നും ശിവരാമന്‍ ഓര്‍മ്മപ്പെടുത്തി.

Top