കണ്ണൂരില്‍ സിപിഐ സിപിഎം സംഘര്‍ഷം; സിപിഐ ഓഫീസ് അടിച്ചു തകര്‍ത്തു; അഞ്ച് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.ഐ ഓഫീസ് തല്ലിതകര്‍ത്തതുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന ഇ. കുഞ്ഞിരാമന്‍ നായരുടെ കരിങ്കല്‍കുഴിയിലെ സ്മാരക മന്ദിരം ചൊവ്വാഴ് രാത്രിയാണ് തകര്‍ക്കപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമണം നടത്തിയതെന്നു സിപിഐ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സിപിഎം പ്രവര്‍ത്തകരെ ബുധനാഴ്ച പൊലീസ് അറസ്റ്റു ചെയ്തു.

സിപിഎം പ്രവര്‍ത്തകരായ സി. ഷാജി കൊളച്ചേരി, സി. ഉമേഷ് കരിങ്കല്‍കുഴി, സി. പ്രിയേഷ് നണിയൂര്‍, കെ. മനോജ് നണിയൂര്‍, സുമേഷ് പാടിയില്‍ എന്നിവരാണ് അറസ്റ്റിലായതെന്നു മയ്യില്‍ എസ്‌ഐ പി. ബാബുമോന്‍ അറിയിച്ചു. രണ്ടാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസിന്റെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തുകടന്നത്. ഇരുപതോളം കസേരകളും മേശ, അലമാര, ടിവി എന്നിവയും തല്ലിത്തകര്‍ത്തു. സീലിംഗ് ഫാനുകള്‍ ഇരുമ്പുവടികൊണ്ടു അടിച്ചുനശിപ്പിച്ചു. അലമാരയിലും മേശ വലിപ്പിലും സൂക്ഷിച്ചിരുന്ന ഫയലുകളും നശിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം പുലര്‍ച്ചെ സിപിഎം കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെ നടന്ന കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചു വൈകിട്ടുനടന്ന പൊതുയോഗത്തില്‍ പങ്കെടുത്തുമടങ്ങിയ സിപിഎം പ്രവര്‍ത്തകരാണ് ഓഫിനു നേരെ അക്രമണം നടത്തിയതെന്ന് സിപിഐ നേതാക്കള്‍ മയ്യില്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്നുമാസം മുമ്പേ ഈ ഓഫിസിനുനേരെ നടന്ന ആക്രമണത്തില്‍ ജനല്‍ച്ചില്ലുകള്‍ക്കു കേടുപാട് സംഭവിച്ചിരുന്നു.

Top