ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സിപിഎം കേന്ദ്രകമ്മിറ്റിയോഗം; പരിഹാസവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ചേരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹോട്ടലില്‍ സമ്മേളനം നടത്തുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ലെങ്കിലും തെറ്റുതിരുത്തല്‍ രേഖയില്‍ ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണമെന്ന് താക്കീത് നല്‍കിയ പാര്‍ട്ടിയാണിതെന്നോര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം.

96 അംഗങ്ങളുള്ള കേന്ദ്ര കമ്മറ്റി യോഗം എന്തു കൊണ്ട് 87 അംഗ സംസ്ഥാന കമ്മിറ്റി ചേരുന്ന എകെജി സെന്ററും അവിടെയുള്ള എസി ഹാളും ഒഴിവാക്കി പഞ്ചനക്ഷത്ര ഹോട്ടലില്‍ ചേരുന്നു എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യം.

ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ പാര്‍ട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത് ..ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് സിപിഎമ്മിന് ഓര്‍മ വേണം എന്ന് പറഞ്ഞു കൊണ്ടാണ് രമേശ് ചെന്നിത്തല പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിപിഎമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇന്ന് രാവിലെ ദേശാഭിമാനി വായിച്ചപ്പോഴാണ് മനസിലായത് . തിരുവനന്തപുരത്ത് ആദ്യമായി ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തിനു വേദിയായി തെരെഞ്ഞെടുത്തത് പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ ഹൈസിന്ത് ആണ്. ഇക്കാര്യം ഇന്ന് ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചു അറിയിച്ചു. പോളിറ്റ്ബ്യുറോ യോഗം ചേരുന്നത് എകെജി സെന്റര്‍ ഹാളില്‍ ആണെങ്കിലും കേന്ദ്രകമ്മിറ്റിയോഗ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫുള്‍ എയര്‍കണ്ടീഷന്‍ ഹോട്ടല്‍ ആണ്. 87 അംഗ സംസ്ഥാന കമ്മിറ്റി ചേരുന്ന എകെജി സെന്ററും അവിടെയുള്ള എസി ഹാളും ഒഴിവാക്കിയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഹോട്ടലില്‍ സമ്മേളനം നടത്തുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ല. എന്നാല്‍ സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ പരിശോധിച്ചാല്‍ ഉടനീളം കാണുന്നത് ധൂര്‍ത്തും ആഡംബരവും ഒഴിവാക്കണം എന്ന താക്കീത് ആണ്. താഴെത്തട്ടില്‍ ഇറങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം എന്ന് സംഘടനയ്ക്ക് മാതൃക കാട്ടേണ്ട പരമോന്നത കമ്മറ്റിയാണ് ഇത്തരത്തില്‍ ധൂര്‍ത്ത് നടത്തുന്നത്. ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ പാര്‍ട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത് ..ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് സിപിഎമ്മിന് ഓര്‍മ വേണം..

Latest
Widgets Magazine