ജനങ്ങളുടെ ദുരിതം ചര്‍ച്ചചെയ്യാന്‍ സിപിഎം കേന്ദ്രകമ്മിറ്റി ചേരുന്നത് തലസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍; എല്ലാ സൗകര്യവുമുള്ള എകെജി സെന്ററും നേതാക്കള്‍ക്ക് പോരാ

തിരുവനന്തപുരം: പരിപ്പുവടയും കട്ടന്‍ചായയില്‍ നിന്നും സിപിഎം ഏറെ മാറിയെന്ന് എല്ലാവര്‍ക്കുമറിയാം. കോടികള്‍ മുടക്കുമുതലുള്ള വിനോദ പാര്‍ക്കുകള്‍ വരെ പാര്‍ട്ടിയുടെ പേരിലുണ്ടാക്കി ലാഭമുണ്ടാക്കുന്നുണ്ട്. എന്നാലും പറച്ചിലിലും പേരിലും പഴയ കട്ടന്‍ ചായ വാദം കൊണ്ടുനടക്കുന്നവരാണ് സിപിഎം നേതാക്കള്‍. എന്നാലിനിമുതല്‍ അത് വേണ്ടെന്ന് തന്നെയാണ് കേരളത്തിലെ സിപിഎം നേതാക്കളുടെ തീരുമാനം. ഇത്തവണത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത് തലസ്ഥാനത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലായതാണ് സിപിഎം പുതിയ തിരുമാനത്തിലേയ്ക്ക് മാറിയെന്ന് തെളിയിക്കുന്നത്. എല്ലാ സംവിധാനവും സൗകര്യവുമുള്ള എകെജി സെന്റര്‍ തിരുവനന്തപുരത്തുണ്ടായിട്ടും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെ കേന്ദ്രകമ്മിറ്റിയോഗത്തിനായി തിരഞ്ഞെടുത്തത് എന്തിനാണെന്നാണ് അണികള്‍ക്കുള്ള സംശയം. ഈ സമിതിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് അതിലും രസകരം. നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ദുരിതത്തെ കുറിച്ചാണ് കേന്ദ്രകമ്മിറ്റിയിലെ പ്രധാന ചര്‍ച്ച. കേന്ദ്രസര്‍ക്കാറിനെ അടക്കം രൂക്ഷമായി വിമര്‍ശിക്കാന്‍ വേദിയാകുന്നതും തമ്പാനൂരില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്ര ഹോട്ടലായ ഹൈസിന്താണ്. കേന്ദ്രക്കമ്മറ്റിയിലെ പ്രധാന ചര്‍ച്ചയും പണം അസാധുവാക്കലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തന്നെയാണെന്നിരിക്കെ യോഗത്തിനായി നക്ഷത്ര ഹോട്ടല്‍ തിരഞ്ഞെടുത്തതിന് എതിരെ അണികളില്‍ അമര്‍ഷം പടരുന്നുണ്ട്.

സിപിഎമ്മിന്റെ പ്ലീനം നടന്നപ്പോള്‍ ചര്‍ച്ചകളും മറ്റു കാര്യങ്ങളുമെല്ലാം നടന്നത് എകെജി സെന്ററില്‍ വച്ചായിരുന്നു. എന്നാല്‍, എയര്‍കണ്ടിഷണര്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും അടങ്ങിയ ഇവിടുത്തെ സൗകര്യം പോരെന്ന് വച്ചാണ് സമ്മേളനം തമ്പാനൂരിലെ ഹൈസിന്ത് ഹോട്ടലിലേക്ക് നിശ്ചയിച്ചത്. ഇതിനായി ഹോട്ടലിന്റെ കൊട്ടാരസദൃശ്യമായ കോണ്‍ഫറന്‍സ് ഹാളാണ് ബുക്ക് ചെയ്തിട്ടുള്ളതും. ജനുവരി 6 മുതല്‍ 8 വരെ നടക്കുന്ന കേന്ദ്രക്കമ്മറ്റിക്ക് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്ന പോളിറ്റ് ബ്യൂറോ മീറ്റിങ് പക്ഷേ എകെജി സെന്ററില്‍ നടക്കും. അംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്തു തന്നെ യോഗം ചേര്‍ന്നാല്‍ അതു സൗകര്യമായിരിക്കും എന്നതുകണ്ട് കേന്ദ്രകമ്മിറ്റി ഹൈസിന്ത് ഹോട്ടലിലെ ഹാള്‍ ബുക്ക് ചെയ്തത് എന്നാണ് നേതാക്കളുടെ പക്ഷം.

തിരുവനന്തപുരത്ത് വച്ച് സിപിഎം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത് ഇതാദ്യമായാണ്. കോഴിക്കോട്ടും കൊച്ചിയിലും വച്ച് നേരത്തെ കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ നടന്നിട്ടുണ്ട്. തിരുവനന്തപുരത്തു പാര്‍ട്ടി കോണ്‍ഗ്രസും പ്രത്യേക പ്ലീനം സമ്മേളനവും ചേര്‍ന്നപ്പോള്‍ അതോടനുബന്ധിച്ചു കേന്ദ്രകമ്മിറ്റി യോഗം നടന്നതു മാറ്റിവച്ചാല്‍ സിസി യോഗമായി മാത്രം നടക്കുന്നത് ആദ്യമാണ്.

തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടി മുതലാളികളുടെ സ്വന്തം പാര്‍ട്ടിയായി മാറുന്നു എന്നതിന്റെ തെളിവാണിതെന്ന വിധത്തില്‍ മറ്റു പാര്‍ട്ടികളും വിഷയം ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്. പൊതുകനാല്‍ കൈയേറിയെന്ന ആരോപണം ഉയര്‍ന്ന ഹോട്ടല്‍ കൂടിയാണ് തമ്പാനൂരിലുള്ള ഹൈസിന്ത്. എന്നാല്‍, അതൊന്നും വകവെക്കാതെ സര്‍ക്കാര്‍ പരിപാടികള്‍ അടക്കം നടത്തുന്നത് ഇവിടെ വച്ചാണ്. എന്നാല്‍ എല്ലാ സൗകര്യങ്ങളമുള്ള എകെജി സെന്റര്‍ ഉണ്ടായിരിക്കേ പഞ്ചനക്ഷത്ര ഹോട്ടലിനെ ഇതിനായി യോഗം ഹാളായി നിശ്ചയിച്ചതാണ് അണികളെയും ചൊടിപ്പിക്കുന്നത്.

കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ജനുവരി 7 ന് നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്താണ് പൊതുസമ്മേളനം. വിവിധ ജില്ലകളില്‍ നിന്നായി 50,000 പേര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട്, ബിമന്‍ബോസ് എന്നിവര്‍ പങ്കെടുക്കും. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ സാധാരണഗതിയില്‍ ഡല്‍ഹിക്ക് പുറത്ത് നടക്കാറുള്ള കേന്ദ്രക്കമ്മറ്റിയോഗം.

Latest
Widgets Magazine