സ്ത്രീ ആയതിനാല്‍ സിപിഎം നേതാവ് അഭിമുഖം നിഷേധിച്ചെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയെങ്കില്‍ അഭിമുഖം നല്‍കാന്‍ പറ്റില്ലെന്ന് സിപിഎം നേതാവ് പറഞ്ഞതായി മാധ്യമപ്രവര്‍ത്തക. ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. കെ ശശീന്ദ്രന്റെ സ്വകാര്യസംഭാഷണം ഒരു ചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കിടയിലാണ് സംഭവം.

സുവി വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മംഗളം നല്‍കിയ വാര്‍ത്ത കൊണ്ട് മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെയും അടച്ചാക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്. ഇന്ന് ഇത് എഴുതാന്‍ ഒരു കാരണമുണ്ട്. ഉപതെരഞ്ഞടുപ്പ് റിപ്പോര്‍ട്ടിങിനായി രണ്ട് നാളായി മലപ്പുറത്താണ്. അഭിമുഖത്തിനായി സി പി എമ്മിലെ ഒരു മുതിര്‍ന്ന നേതാവിനെ വിളിച്ചു.
എന്നിട്ടെന്തിനാ എ കെ. ശശീന്ദ്രനാക്കാനാണോയെന്ന് മറുചോദ്യം. പെണ്‍കുട്ടി ആയാല്‍ വരേണ്ടാ ആണ്‍കുട്ടിയായാല്‍ അഭിമുഖം തരാമെന്ന് അദ്ദേഹം പറഞ്ഞു. സദാചാര പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സി പി എമ്മിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം സമീപനം. ആറേഴ് വര്‍ഷമായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയിട്ട്. മന:സാക്ഷിക്ക് നിരക്കാത്ത തൊന്നും വാര്‍ത്തയായി നല്‍കിയിട്ടില്ല. എത്തിക്‌സ് മറന്ന് ജോലി ചെയ്തിട്ടുമില്ല. ഞാന്‍ മാത്രമല്ല, ഈ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണെന്നാണ് വിശ്വാസം.
സ്ത്രീ ആയി എന്നത് മാധ്യമ പ്രവര്‍ത്തനം ചെയ്യാന്‍ പരിമിതിയാണെന്ന് തോന്നിയിട്ടില്ല. അത്രത്തോളം ഹ്യദയത്തോട് ചേര്‍ത്തു പിടിച്ചാണ്, ആഗ്രഹിച്ചാണ് ഈ ജോലി ചെയ്യുന്നത്. മംഗളം നല്‍കിയ വാര്‍ത്ത യോടെ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികള്‍ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളന്‍ വര്‍ത്തമാനങ്ങള്‍ എങ്ങനെ സഹിക്കും ?
സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ടി കെ ഹംസയാണ് അഭിമുഖത്തിന് അനുമതി നിഷേധിച്ചതെന്ന് സൗത്ത് ലൈവ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ശശീന്ദ്രന്‍ രാജിവെക്കാനിടയായത് വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് ചാനല്‍ നടത്തിയ ഹണി ട്രാപ്പ് വഴിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വനിതാ മാധ്യമപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് വിവിധ വനിതാ ജേണലിസ്റ്റുകള്‍ നേരത്തെ പ്രതികരിച്ചിരുന്നു. അതിനിടെയാണ് ഈ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top