സിപിഎം ബിജെപി സംഘർഷം; അതീവ ജാഗ്രതയില്‍ തലസ്ഥാനം

തിരുവനന്തപുരത്ത് വീണ്ടും സിപിഎം ബിജെപി സംഘര്‍ഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായി. കരിക്കകത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു. ബിജെപിയുടെ കൊടി മരമടക്കമുള്ളവ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പൊലീസിന്‍റെ വീഴ്ചയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം നഗരസഭ മേയറെ ആക്രമിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനം കടന്നുപോകവെ ആണ് കരിയ്ക്കകത്ത് സംഘര്‍ഷമുണ്ടായത്. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയായിരുന്നു മേട്ടുക്കട കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ചിനിടെയാണ് സിപിഎം ജില്ല കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കൃഷ്ണപിള്ള പ്രതിമയുടെ ചില്ലും ജനല്‍ ചില്ലും തകര്‍ന്നു. പൊലീസ് കാവല്‍ ഉണ്ടായിട്ടും അക്രമം നടന്നത് പൊലീസിന്‍റെ വീഴ്ചയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രിമിച്ച ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഏഴുപേരെ പൊലീസ് പിടികൂടി. വിഷ്ണു , ഗിരിഷ് , ബിനുകുമാര്‍ , വിനോദ് കുമാർ,കിരണ്‍ , അഭിജിത് , രാജു എന്നിവരാണ് പിടിയിലായത്. ഇതിനിടെ പൊലീസ് നോക്കി നില്‍ക്കെ ബിജെപിയുടെ ഫ്ലക്സ് ബോര്‍ഡുകളും കൊടിമരങ്ങളുമടക്കമുള്ളവ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇന്ന് ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ല കമ്മിറ്റി അറിയിച്ചു.

Top