ഉദ്ദേശ്യശുദ്ധിയല്ല; ഹിഡൻ അജണ്ടയാണ് കാരാട്ടിന്റേത്: വി.എം.സുധീരൻ

ദേശീയ രാഷ്ട്രീയ യാഥാർഥ്യങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന നിഷേധാത്മക നിലപാടാണ് സി.പി.എമ്മിന്റേതെന്ന് ഒരിക്കൽ കൂടി അവർ തെളിയിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോൺഗ്രസ് ബന്ധം സംബന്ധിച്ച സമീപന രേഖ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞതെല്ലാം വ്യക്തമാകുന്നത് ഇതാണ്. താത്വികമായ വൈരുദ്ധ്യങ്ങളാണ് ഇതിനെല്ലാം ഇടവരുത്തിയതെന്ന് പുറമേക്ക് പറയാമെങ്കിലും യഥാർത്ഥത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിൽ നടക്കുന്നത് അധികാര വടംവലിയും വ്യക്ത്യാധിഷ്ഠിത ഹിഡൻ അജണ്ടകളുമാണ്.

ഇനി ആശയപരമായി പരിശോധിച്ചാൽ തന്നെ കാരാട്ട്-പിണറായി കൂട്ടുകെട്ട് പറയുന്നത് സ്വന്തം സഹപ്രവർത്തകരെയും അണികളെയും ബോധ്യപ്പെടുത്താനാവാത്ത കാര്യങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയെയും അതിന്റെ പൂർവ പ്രസ്ഥാനമായ ജനസംഘത്തെയും വിട്ടുവീഴ്ച കൂടാതെ എതിർത്തു പോന്നതും അവരുമായി ഒരിക്കലും പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുകൂടാത്തതുമായ ഒരേയൊരു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണ്.

ഇപ്രകാരം ജനസംഘത്തിനും തുടർന്ന് ബിജെപിക്ക് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കോൺഗ്രസിനെ കാരാട്ട്-പിണറായി സംഘം വിമർശിക്കുന്നത് 1977ൽ സിപിഎം ജന സംഘവുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് മറച്ചുവെച്ചുകൊണ്ടാണ്. അന്ന് പാർട്ടി സെക്രട്ടറി സുന്ദരയ്യയെ അവഗണിച്ചുകൊണ്ടാണ് വർഗീയ ഫാസിസത്തിന്റെ വക്താക്കളായ ജനസംഘവുമായി സി.പി.എം ചേർന്നത്.

വിപി സിങ് മന്ത്രിസഭ നിലവിൽ വന്നതും ഭരണത്തിൽ തുടർന്നതും സിപിഎം-ബിജെപി സംയുക്ത പിന്തുണയിലായിരുന്നതും അനിഷേധ്യമായ സത്യമാണ്. ഇപ്രകാരം ബിജെപിയുമായും അതിന്റെ പൂർവ പ്രസ്ഥാനമായ ജനസംഘവുമായും കൂട്ടുചേരാൻ മടിക്കാത്ത സിപിഎം നേതാക്കളുടെ അവസരവാദവും ആശയപരമായ പൊള്ളത്തരവും തിരിച്ചറിയാൻ ആർക്കുമാകും.

ഇപ്പോഴും മോഡിയെ സ്തുതിക്കുകയും ബിജെപിയുമായി ഒത്തുകളി നടത്തി വരികയും ചെയ്യുന്ന പിണറായിയുടെ മോഡി പ്രീണനത്തിന്റെ ഭാഗമാണ് ബിജെപിക്ക് മാത്രം ഗുണകരമായ കാരാട്ടിന്റെ കോൺഗ്രസ് വിരുദ്ധ സമീപനത്തിനുള്ള പിന്തുണ.

ഇനി സാമ്പത്തിക നയത്തിന്റെ കാര്യമെടുക്കാം.

കോൺഗ്രസിന്റേത് നവ ലിബറൽ സാമ്പത്തിക നയമാണെന്നും അതിനോട് യോജിക്കാനാവില്ലെന്നുമാണ് മറ്റൊരു വാദം.

സിപിഎം അധികാരത്തിലിരുന്ന ബംഗാളിലും ഇപ്പോൾ അധികാരത്തിലുള്ള കേരളത്തിലും അവരുടെ സാമ്പത്തിക നയവും സമീപനവും മുതലാളിത്ത പക്ഷമല്ലേ?

ബംഗാളിലെ കിഴക്കൻ മിഡ്നാപൂർ ജില്ലയിലെ നന്ദിഗ്രാമിൽ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് ബഹുരാഷ്ട്ര കുത്തകയായ സലീം ഗ്രൂപ്പിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതും അതിനോട് എതിർപ്പ് പ്രകടിപ്പിച്ച കർഷകരെയും തൊഴിലാളികളെയും വെടിവെച്ചു വീഴ്ത്തിയതും തൊഴിലാളി വർഗ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന് യോജിച്ചതാണോ ? കോൺഗ്രസ് സർക്കാരുകൾ ഒരിക്കലും ചെയ്യാത്ത രീതിയിൽ കുത്തക പ്രീണനത്തിനായി കർഷകരെയും തൊഴിലാളികളെയും ഇതുപോലെ വെടിയുണ്ടകൾക്കിരയാക്കിയ സിപിഎം നേതൃത്വത്തിന് കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കാൻ യാതൊരു അർഹതയുമില്ല.

കുത്തക ഗ്രൂപ്പായ ടാറ്റയ്ക്ക് വേണ്ടി സിംഗൂരിൽ ആയിരം ഏക്കർ ഏറ്റെടുക്കുന്നതിനായി എത്ര ക്രൂരമായിട്ടാണ് കർഷകരുടെയും തൊഴിലാളികളുടെയും നേരെ ബംഗാളിലെ സി.പി.എം. സർക്കാർ അതിക്രമം നടത്തിയത്. പാവങ്ങളുടെ രക്ഷയ്ക്ക് സുപ്രീംകോടതി വിധി വരേണ്ടിവന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കപ്പെട്ടിട്ടില്ല എന്നും ബന്ധപ്പെട്ട അന്വേഷണം പ്രഹസനം ആയിരുന്നുവെന്നും കോടതി പരാമർശിക്കുകയുണ്ടായി. സി.പി.എം പറയുന്ന മനുഷ്യസ്നേഹത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരെയുള്ള ചോദ്യ ചിഹ്നം കൂടിയാണ് സുപ്രീം കോടതി വിധി.

ഇതെല്ലാം ബംഗാളിൽ നടന്നത് പ്രകാശ് കാരാട്ട് സിപിഎം ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ് എന്നത് ശ്രദ്ധേയമാണ്.

ഏതായാലും നന്ദിഗ്രാമിലും സിംഗൂരിലും സിപിഎം സർക്കാർ സ്വീകരിച്ചതിന് സമാനമായി കുത്തക മുതലാളിമാർക്ക് വേണ്ടി ഒരു കോൺഗ്രസ് സർക്കാരും കർഷകരെയും തൊഴിലാളികളെയും ക്രൂരമായി അടിച്ചമർത്തിയിട്ടില്ല. ഇതിനെല്ലാം കൂട്ടുനിന്ന കാരാട്ട് ഇപ്പോൾ സാമ്പത്തിക നയത്തിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കുമ്പോൾ പരിഹാസ്യനാകുന്നത് അദ്ദേഹം തന്നെയാണ്.

കേരളത്തിലാകട്ടെ വൻകിട സ്വകാര്യ ഗ്രൂപ്പുകളുടെ താൽപര്യ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് സിപിഎം. നമ്മുടെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് തന്നെയാണ് ഏറ്റവും വലിയ മുതലാളിത്ത പ്രീണനം.

ഹാരിസൺ,ടാറ്റ തുടങ്ങിയ വൻകിടക്കാർ അനധികൃതവും നിയമവിരുദ്ധവുമായി സർക്കാർ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ കോടതിവിധി ഉണ്ടായിട്ടും രാജമാണിക്യം റിപ്പോർട്ട് ശുപാർശ ചെയ്തിട്ടും അതിലൊന്നും കൃത്യമായ നടപടി സ്വീകരിക്കാതെ വൻകിട കയ്യേറ്റക്കാരായ കുത്തകകളോട് മൃദുസമീപനം സ്വീകരിക്കുന്ന സർക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമാണ്. ഈ മുതലാളിത്ത ശക്തികൾക്ക് വേണ്ടി കോടതിയിൽ തോറ്റു കൊടുക്കാനുള്ള പുറപ്പാടിലാണ് സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ.

വൻകിട കോടീശ്വരന്മാരുടെ നിയമ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും അവർക്കെല്ലാം വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുകയും ചെയ്ത് വരുന്ന സിപിഎം യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കൈവിട്ട് മുതലാളിത്ത ആശയങ്ങളുടെ വക്താക്കളായി മാറിയിരിക്കുന്നു. മദ്യ മുതലാളിമാർക്കും സ്വാശ്രയ ചൂഷകർക്കും മുതലാളിത്ത സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന കേരള സർക്കാരിന് നേതൃത്വം കൊടുക്കുന്ന പിണറായി സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ വിമർശിക്കുന്നത് തികച്ചും വിചിത്രമാണ്.

ആദ്യം ജന സംഘവുമായും വി.പി.സിംഗിന്റെ മന്ത്രിസഭയ്ക്ക് പിന്തുണ നൽകി പിന്നീട് ബിജെപിയുമായും കൂട്ടുചേരാൻ മടിക്കാത്ത സിപിഎം നേതാക്കളായ കാരാട്ടിന്റെയും പിണറായിയുടെയും കോൺഗ്രസിനെതിരെയുള്ള നിലപാടുകൾ ആശയപരമല്ല എന്നത് വ്യക്തമാണ്.

യെച്ചൂരിയോടും കൂട്ടരോടുമുള്ള തങ്ങളൂടെ കുടിപ്പക തീർക്കുന്നതിനുള്ള മറയായിട്ടു മാത്രമാണ് കാരാട്ട്-പിണറായി കൂട്ടുകെട്ടിന്റെ കോൺഗ്രസ് വിരുദ്ധത.

ഇന്ത്യയിൽ എല്ലായിടത്തും വേരുകളുള്ളതും അണികൾ ഉള്ളതുമായ കോൺഗ്രസ് പ്രസ്ഥാനത്തെ ഒഴിവാക്കി എങ്ങനെ ബി.ജെ.പി. ഉയർത്തുന്ന വർഗ്ഗീയ ഫാസിസത്തെ നേരിടാനാകും.? കേരളത്തിലും ത്രിപുരയിലും പിന്നെ ബംഗാൾ ഉൾപ്പടെ ചിലയിടങ്ങളിലും മാത്രം സ്വാധീനമുള്ള സിപിഎമ്മിന് ദേശീയ തലത്തിൽ വർഗ്ഗീയ ഫാസിസത്തെ ചെറുക്കാനാകും എന്ന നിലപാട് സാമാന്യ ബുദ്ധിയുള്ളവരോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിന്റെ നയങ്ങളെ വിമർശിക്കുന്ന പിണറായി സ്വന്തം സർക്കാരിന്റെ തെറ്റായ നയങ്ങളും സമീപനങ്ങളും മുതലാളിത്ത പ്രീണനവും തിരുത്താൻ തയ്യാറാവുകയാണ് ആദ്യമായി ചെയ്യേണ്ടത്.

Top