സിപിഎമ്മിൽ ഇനി യുവനിര: സംസ്ഥാന കേന്ദ്ര കമ്മിറ്റിയിലേയ്ക്കു യുവാക്കളുടെ വൻ പട

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സിപിഎമ്മിൽ വൻ അഴിച്ചു പണിക്കു കളമൊരുങ്ങുന്നു. പാർട്ടിയുടെ സംസ്ഥാന സമ്മേളനം മാർ്ച്ചിൽ പൂർത്തിയാകുന്നതോടെ സിപിഎം സംസ്ഥാന കമ്മിറ്റിയിലേയ്ക്കു വൻ യുവാക്കളുടെ നിര തന്നെ രംഗത്ത് എത്തുമെന്നാണ് സൂചന. നിലവിലുള്ള എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളിൽ 90 ശതമാനം പേരും പാർട്ടിയുടെ സംസ്ഥാന – കേന്ദ്ര കമ്മിറ്റികളിലേയ്ക്കു കടന്നുവരുമെന്നാണ് റിപ്പോർട്ട്.
കേന്ദ്ര കമ്മിറ്റി അംഗമായി ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് എം.പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിലവിലെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എന്നിവരാണ് പുതുതായി എത്തുക. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.കെ സാനുവിനെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി.തോമസ്, സെക്രട്ടറി എം.വിജിൻ എന്നിവരെ യഥാക്രമം കോട്ടയം, കണ്ണൂർ ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്തും.

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇതിനകം തന്നെ തുടക്കമായിട്ടുണ്ട്.
സംസ്ഥാന സമ്മേളനം ഫിബ്രുവരിയിൽ തൃശൂരും പാർട്ടി കോൺഗ്രസ്സ് ഏപ്രിലിൽ ഹൈദരാബാദിലുമാണ് നടക്കുക.

സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും അധികം പാർട്ടി അംഗങ്ങളുള്ള ജില്ലയായി കണ്ണൂർ മാറിയതിൽ സംസ്ഥാന നേതാക്കൾ ഹാപ്പിയാണ്. പാർട്ടിക്ക് ഏറ്റവും അധികം രക്തസാക്ഷികൾ ഉള്ള ജില്ലയും കണ്ണൂർ തന്നെയാണ്.

സംഘപരിവാർ സംസ്ഥാനത്ത് പിടിമുറക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ ശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കുക എന്നതും സി.പി.എം സമ്മേളനങ്ങളിലെ പ്രധാന അജണ്ടയാണ്.
ബ്രാഞ്ച് തലം തൊട്ട് വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകരെ പാർട്ടി ഘടകങ്ങളിൽ സജീവമായി ഉയർത്തി കൊണ്ടുവരുന്ന തരത്തിൽ പുതിയ കമ്മിറ്റികൾ തിരഞ്ഞെടുക്കാനാണ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.

കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തി നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരെ ബന്ധപ്പെട്ട ഘടകത്തിൽ നിന്നും മാറ്റി നിർത്തും.

സി.പി.എം. ബ്രാഞ്ച്മുതൽ കേന്ദ്രക്കമ്മിറ്റിവരെയുള്ള ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പരമാവധി പ്രായപരിധി എൺപതാക്കി നിശ്ചയിക്കാനാണ് തീരുമാനം.

കീഴ്ഘടകങ്ങളുടെ സമ്മേളനം നടത്തുന്നതുസംബന്ധിച്ച മാർഗരേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, കമ്മിറ്റികളിൽ പത്തുശതമാനം സ്ത്രീകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്യും.

ഓരോ പ്രദേശത്തെയും സാമൂഹിക സവിശേഷതകൾ പരിഗണിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെയും പട്ടികജാതിവർഗ വിഭാഗത്തിൽപ്പെട്ടവരെയും കമ്മിറ്റികളിൽ ഉൾപ്പെടുത്തണമെന്നും മാർഗരേഖ നിർദേശിച്ചിട്ടുണ്ട്.

പാർട്ടി കമ്മിറ്റികളിൽ അംഗങ്ങൾക്ക് ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നത് സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമാണ്. അനുഭവജ്ഞാനമുള്ള മുതിർന്ന നേതാക്കളെ ഏത് കമ്മിറ്റികളിലും ക്ഷണിതാവായി ഉൾപ്പെടുത്താം. അവർക്ക് വോട്ടവകാശം ഉണ്ടാവില്ലെന്നുമാത്രം. വിഎസ് അച്ച്യുതാനന്ദനും ഈ പരിഗണനയിലാണ് ഇപ്പോൾ കേന്ദ്ര കമ്മറ്റിയിൽ തുടരുന്നത്.

പ്രായപരിധി നിർദേശം നടപ്പാവുമ്പോൾ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിവാകുന്ന പ്രധാനി മലയാളിയായ പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയായിരിക്കും. 1938 ഫെബ്രുവരി ഏഴാണ് രാമചന്ദ്രൻ പിള്ളയുടെ ജനനത്തീയതി. പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ എസ്.ആർ.പി.ക്ക് 80 വയസ്സ് കഴിയും.

പ്രാദേശിക കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം വ്യത്യസ്തമായ രീതിയിലാണ്. കേരളത്തിൽ ഏരിയ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 19ൽനിന്ന് 21 ആക്കി ഉയർത്തും. ഈ കമ്മിറ്റികളിൽ രണ്ടുപേർ വനിതകളും അത്രതന്നെ യുവാക്കളേയുമാണ് പരിഗണിക്കുക.

കേരളത്തിലെ പാർട്ടി കമ്മിറ്റികളിൽ നല്ലൊരു വിഭാഗം എയ്ഡഡ് സ്‌കൂൾ അധ്യാപകരും സഹകരണ ജീവനക്കാരുമാണ്. ഉയർന്ന കമ്മിറ്റികളിൽ ഇത്തരം ആളുകളെ പരിഗണിക്കേണ്ട എന്നാണ് നിർദേശം. മുഴുവൻസമയ പ്രവർത്തകർക്കാണ് പ്രഥമ പരിഗണന.

Top