വിഎസിനെ പിണക്കാതെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക;എളരത്തെ ഒഴിവാക്കി പിണറായി ഞെട്ടിച്ചു,സംസ്ഥാന സമിതിയില്‍ ഇന്നലെ നടന്നത്.

തിരുവനന്തപുരം: വളരെയേറെ കരുതലും ശ്രദ്ധേയും നല്‍കിയാണ് സിപിഐ(എം) സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് വ്യക്തമാവുകയാണ് ഇന്നലെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച പ്രാഥമിക പട്ടിക. മുന്‍പത്തെ പോലെ ഗ്രൂപ്പ് ബാലന്‍സിംഗിനായി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ യാതൊരു ശ്രമവും ഉണ്ടായില്ല എന്നതാണ് ഏറ്റവും പ്രധാനം. അതേ സമയം വിഎസിന്റെ പ്രതിഷേധം ഒഴിവാക്കാന്‍ എസ് ശര്‍മ്മയെ പോലുള്ള കടുത്ത വി എസ് ഭക്തന്മാരെ മണ്ഡലങ്ങളില്‍ ഇളവ് വരുത്തി നിലനിര്‍ത്തിയിട്ടുമുണ്ട്. പിണറായിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ഇളമരം കരീം ഒഴിവായതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കര്‍ക്കശതയാണ് വ്യക്തമാക്കുന്നത്. ഗ്രൂപ്പ് അതിശക്തമായ ആലപ്പുഴയില്‍ ഉണ്ടാക്കിയ സമവായമാണ് ഏറെ ശ്രദ്ധേയം

മലമ്പുഴയില്‍ വി എസ്. അച്യുതാനന്ദനും ധര്‍മ്മടത്ത് പിണറായി വിജയനും മത്സരിക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശവും ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. പ്രമുഖ ചലച്ചിത്ര നടി കെ.പി.എ.സി ലളിതയെ വടക്കാഞ്ചേരിയില്‍ മത്സരിപ്പിക്കാനും ധാരണയായി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ (കുന്ദംകുളം), വയനാട് ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ (കല്പറ്റ) എന്നിവര്‍ക്ക് മത്സരിക്കാന്‍ ഇളവ് അനുവദിച്ചു. മത്സരിക്കുമെന്ന് കരുതിയിരുന്ന എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ക്ക് ഇളവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.എസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സെക്രട്ടേറിയറ്റ് തീരുമാനത്തിന്റെ റിപ്പോര്‍ട്ടിംഗിനിടെ മൂന്ന് പേര്‍ വി.എസിനെതിരെ വിമര്‍ശനവുമായി എഴുന്നേറ്റു. എം.എം. ലോറന്‍സ്, സി.എന്‍. മോഹനന്‍, എന്‍.ആര്‍ ബാലന്‍ എന്നിവരാണ് വി എസ് മത്സരിക്കുന്നതിനെക്കാള്‍ പ്രചാരണം നയിക്കുന്നതാണ് നല്ലതെന്ന് വാദിച്ചത്. വി എസ് മത്സരിക്കുന്നത് ഉചിതമാവില്ലെന്ന അഭിപ്രായവും ഇവര്‍ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകള്‍ വേണ്ടെന്ന് പറഞ്ഞ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന പിണറായി വിജയന്‍ വിലക്കി. ജനറല്‍ സെക്രട്ടറി യെച്ചൂരിയും കര്‍ശനമായ നിലപാടാണ് എടുത്തത്.

മല്‍സരമൊക്കെ മതിയാക്കി എല്‍ഡിഎഫിനു നേതൃത്വം കൊടുക്കുകയാണു വി എസ് ചെയ്യേണ്ടതെന്നു ലോറന്‍സ് അഭിപ്രായപ്പെട്ടു. അതു പാര്‍ട്ടിയും വിഎസും ആണു തീരുമാനിക്കേണ്ടത് എന്നു യച്ചൂരി തിരിച്ചടിച്ചു. ലോറന്‍സും താനും ഒരുമിച്ചു കേന്ദ്ര കമ്മിറ്റിയില്‍ വന്ന കാര്യം യച്ചൂരി അനുസ്മരിച്ചു. അതിനു ശേഷം എന്താണു സംഭവിച്ചത് എന്നോര്‍മിക്കുമല്ലോ എന്നു ലോറന്‍സിനെതിരായുണ്ടായ അച്ചടക്ക നടപടികളെ ലാക്കാക്കി യച്ചൂരി പറഞ്ഞു. ജനാഭിപ്രായം വിഎസിനെതിരാണ് എന്നു പറഞ്ഞ മോഹനനോട്, നിങ്ങളുടെ അഭിപ്രായം പറഞ്ഞാല്‍ മതി എന്നായിരുന്നു യച്ചൂരിയുടെ മറുപടി. പിബിയുടെ തീരുമാനത്തിനെതിരെ ഒരു ചര്‍ച്ച പ്രോല്‍സാഹിപ്പിക്കാനില്ല എന്ന കര്‍ശന നിലപാടാണു യച്ചൂരി വ്യക്തമാക്കിയത്.

എളമരം കരീമിനു സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിയോജിപ്പുണ്ടായി. സിഐടിയു ജനറല്‍ സെക്രട്ടറിയായ കരീം മല്‍സരിക്കേണ്ടതില്ല എന്നതു കേന്ദ്രനേതൃത്വം കൂടി ഇടപെട്ടെടുത്ത തീരുമാനമാണ്. അഴിമതി ആരോപണങ്ങളും തീരുമാനത്തെ സ്വാധീനിച്ചു. ആലപ്പുഴ ജില്ലയിലെ സമവായവും ശ്രദ്ധേയമായി. ജി സുധാകരനും തോമസ് ഐസകിനേയും മത്സരത്തിനിറക്കിയത് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ്. രണ്ടും മൂന്നും പേരുകള്‍ ഉള്‍പ്പെടുത്തി വന്ന മണ്ഡലങ്ങളുടെ കാര്യത്തില്‍ ജയസാദ്ധ്യത ഉറപ്പാക്കി കൃത്യത വരുത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാഘടകങ്ങള്‍ക്ക് തിരിച്ചയച്ചു. മറ്റു മുന്മന്ത്രിമാര്‍ക്കും ഭൂരിപക്ഷം എംഎല്‍എമാര്‍ക്കും വീണ്ടും സീറ്റുണ്ട്. ഇടുക്കിയിലും മലബാറിലെ മലയോര മേഖലയിലും സഭയുമായി അടുപ്പമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കും. ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ ജില്ല കമ്മറ്റികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചേലക്കരയില്‍ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ പേര് പരിഗണിച്ചെങ്കിലും അദ്ദേഹം ഒഴിവായി. നാലു തവണ മല്‍സരിച്ച കെ. രാധാകൃഷ്ണന്‍ (ചേലക്കര) മല്‍സരിക്കാനില്ല. എ.സി. മൊയ്തീന്‍ മല്‍സരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം തൃശൂര്‍ ജില്ലാ സെക്രട്ടറി പദത്തിലേക്കു വരും. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ സൂക്ഷ്മതക്കുറവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് അടിയന്തര ജില്ലാസെക്രട്ടേറിയറ്റ് ചേര്‍ന്ന് കൃത്യത വരുത്തി ജില്ലാകമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാനാണ് നിര്‍ദ്ദേശം. കൊല്ലം ജില്ലയില്‍ കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആലപ്പുഴ ജില്ലയില്‍ കായംകുളം, ചെങ്ങന്നൂര്‍, തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, പാറശാല, വര്‍ക്കല, അരുവിക്കര എന്നിങ്ങനെ മണ്ഡലങ്ങളിലാണ് തര്‍ക്കമോ വ്യക്തതയില്ലായ്മയോ കാരണം ധാരണയിലെത്താതെ മാറ്റിയത്. വടക്കഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനവും സംസ്ഥാന നേതൃത്വത്തിന്റേതാണ്.

വി എസ്. അച്യുതാനന്ദന്‍ (മലമ്പുഴ), തോമസ് ഐസക് (ആലപ്പുഴ), ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), എസ്. ശര്‍മ്മ (വൈപ്പിന്‍), ജി. സുധാകരന്‍ (അമ്പലപ്പുഴ), എ.എം. ആരിഫ് (അരൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), വി. ശിവന്‍കുട്ടി (നേമം), രാജു എബ്രഹാം (റാന്നി), സാജുപോള്‍ (പെരുമ്പാവൂര്‍), ടി.വി. രാജേഷ് (കല്യാശേരി), കെ.വി. വിജയദാസ് (കോങ്ങാട്), പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി), ബി. സത്യന്‍ (ആറ്റിങ്ങല്‍), ആര്‍. രാജേഷ് (മാവേലിക്കര), കെ.വി. അബ്ദുള്‍ഖാദര്‍ (ഗുരുവായൂര്‍), പ്രൊഫ. രവീന്ദ്രനാഥ് (പുതുക്കാട്), കെ.കെ. ലതിക (കുറ്റ്യാടി) തുടങ്ങിയവര്‍ വീണ്ടും മത്സരരംഗത്തുള്ള സിറ്റിങ് എംഎ!ല്‍എമാരാണ്. സംസ്ഥാനകമ്മിറ്റി അംഗം ശര്‍മ്മ തുടര്‍ച്ചയായ അഞ്ചാം തവണയാണ് മത്സരിക്കാനൊരുങ്ങുന്നത്. സാജുപോള്‍, രാജു എബ്രഹാം എന്നിവര്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിനും വി.എസും ഐസകും ബാലനും തുടര്‍ച്ചയായ നാലാം മത്സരത്തിനും ഒരുങ്ങുന്നു.

ജി. സുധാകരനും വി. ശിവന്‍കുട്ടിയും എ.എം. ആരിഫും തുടര്‍ച്ചായ മൂന്നാം ടേമിലേക്കാണ്. ഇടവേളയ്ക്ക് ശേഷമാണെങ്കിലും ഇ.പി. ജയരാജന് ഇത് തുടര്‍ച്ചയായ രണ്ടാം ടേമാണ്. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിലും സംസ്ഥാന കമ്മിറ്റി അംഗം ടി.എന്‍. സീമ വട്ടിയൂര്‍ക്കാവിലും മത്സരിക്കും. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ യുവനേതാവ് ഐ.ബി. സതീഷിനെയും വാമനപുരത്ത് ഡി.കെ. മുരളിയെയുമാണ് പരിഗണിക്കുന്നത്. അരുവിക്കരയില്‍ കാട്ടാക്കട ശശിയുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നതിനാല്‍ യുവനേതാവ് പി. ബിജുവിനെ പരിഗണിക്കും. ഇക്കാര്യം ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നാകും തീരുമാനിക്കുക. ആനാവൂര്‍ നാഗപ്പന്റെ പേരാണ് പാറശാലയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും അതും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാറ്റി. കടകംപള്ളിയുടെ ഒഴിവില്‍ ആനാവൂര്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറിയാകുമെന്ന സൂചനയുണ്ട്. സിപിഐ(എം) സംസ്ഥാനകമ്മിറ്റി അംഗീകരിച്ച സാദ്ധ്യതാപട്ടികയില്‍ ഇടം നേടിയ ചില പുതുമുഖങ്ങള്‍ ഇവരാണ്: കെ.എ. ബാബു (നെന്മാറ), കെ. ശശി (ഷൊര്‍ണൂര്‍), പ്രസേനന്‍ (ആലത്തൂര്‍), നിശാന്ത് (വണ്ടൂര്‍), അഡ്വ. റഷീദ് (മങ്കട), പി. ജിജി (കൊണ്ടോട്ടി).

ആറന്മുളയില്‍ നിര്‍ദേശിച്ച പേരുകള്‍ സ്വീകാര്യമല്ലെന്നു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. തൃത്താല മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. റജീന, ജില്ലാ സെക്രട്ടറി കെ. പ്രേംകുമാര്‍ എന്നീ പേരുകളിലൊന്നില്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ വീണ്ടും നല്‍കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം ജില്ലകളിലും ഇന്നും നാളെയുമായി ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചേരും. തുടര്‍ന്ന് ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ അംഗീകരിച്ച് തിരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിന് അയച്ചുകൊടുത്തശേഷം അത് അന്തിമമായി അംഗീകരിക്കും. തുടര്‍ന്ന് ഇടതുമുന്നണി യോഗത്തിനു സമര്‍പ്പിച്ചുകൊണ്ട് ഔദ്യോഗികമായി പുറത്തുവിടാനാണ് ധാരണ.

Top