സിപിഎം പിണറായിയെ അട്ടിമറിക്കും: സർക്കാരിനെ അട്ടിമറിക്കാൻ കൊലക്കത്തിയുമായി കണ്ണൂർ ലോബി; ലക്ഷ്യം മുഖ്യമന്ത്രിയെ ദുർബലനാക്കുക

പൊളിറ്റിക്കൽ ഡെസ്‌ക്

കണ്ണൂർ: പാർട്ടിയുടെ താല്പര്യങ്ങൾക്കു വഴങ്ങാത്ത മുഖ്യമന്ത്രി പിണറായി വിജയനെ ഒതുക്കാൻ കൊലക്കത്തിയുമായി സിപിഎം കണ്ണൂർ ലോബി. എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിൽ നിയോഗിച്ചിട്ടും മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് പാർട്ടി നേരിട്ട് കൊലക്കത്തിയെടുത്തിരിക്കുന്നത്. ക്രമസമാധാന നില തകർന്നതായി ചൂണ്ടിക്കാട്ടി സർക്കാരിനെ അട്ടിമറിക്കാനും, പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കാനുമാണ് നീക്കം നടക്കുന്നത്. തൃശൂർ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്തുള്ള വിമർശനം ഉണ്ടാകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. സമ്മേളനത്തിനു ശേഷവും മുഖ്യമന്ത്രി നിലപാട് മാറ്റാൻ തയ്യാറായില്ലെങ്കിൽ പാർട്ടി തലത്തിൽ ഇടപെടലുണ്ടാകുമെന്നും വ്യക്തമായി.
പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയപ്പോൾ മുതൽ പാർട്ടിക്കു സർക്കാരിൽ നിയന്ത്രണമില്ലെന്ന ആരോപണം ഉയർന്നിരുന്നു. പാർട്ടി പ്രതിനിധികൾക്കു പൊലീസ് സ്റ്റേഷനുകളിലോ, ഭരണപരമായ കാര്യങ്ങളിലോ കാര്യമായ നിയന്ത്രങ്ങളില്ലെന്നായിരുന്നു ആരോപണം. മുൻപ് കേരളം ഭരിച്ചിരുന്ന സിപിഎം മുഖ്യമന്ത്രിമാരെല്ലാവരും പാർട്ടി വിധേയരായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, പിണറായി വിജയൻ പാർട്ടിക്കു മുകളിലേയ്ക്കു വളരാനാണ് ശ്രമിച്ചത്. ഇത് പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് കണ്ണൂർ ലോബിയിൽ കൊടിയ അസംതൃപ്തിയുണ്ടാക്കി.
ഇതേ തുടർന്നാണ് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും കണ്ണൂരിലെ പാർട്ടി നേതൃത്വം ഇടപെടാത്തതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ വാക്കിനു പാർട്ടി നേതൃത്വം വിലകൊടുക്കുന്നില്ലെന്നു വ്യക്തമായതോടെ കണ്ണൂർ ലോബിയിലും വിള്ളലുണ്ടായിട്ടുണ്ട്. ഇതും സംസ്ഥാന സമ്മേളനത്തിൽ വ്യക്തമാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top